കണ്ണൂർ: പന്നികളെ മാത്രം ബാധിക്കുന്ന പന്നികളിൽനിന്ന് പന്നികളിലേക്കു മാത്രം പടരുന്നതരത്തിലുള്ള സാംക്രമിക വൈറസ് രോഗമാണ് ക്ലാസിക്കൽ പന്നിപ്പനി.
പന്നികളിലെ കോളറ രോഗം അഥവാ ഹോഗ് കോളറ എന്നും ഈ അസുഖം അറിയപ്പെടുന്നു. പെസ്റ്റിവൈറസ് ‘സി’ആണ് രോഗകാരണം.
ആരോഗ്യമുള്ള പന്നികളും രോഗം ബാധിച്ച പന്നികളും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്.
ഉമിനീർ, മൂക്കിലെ സ്രവങ്ങൾ, മൂത്രം, മലം, മലിനമായ വാഹനങ്ങൾ, തീറ്റ, വസ്ത്രങ്ങൾ എന്നിവയിലൂടെയും ഈ രോഗം പകരുന്നു.
കർശനമായ രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക, കാട്ടുപന്നികളുമായുള്ള സമ്പർക്കത്തിൽ നിന്ന് വളർത്തുപന്നികളെ സംരക്ഷിക്കുക എന്നിവയാണ് രോഗബാധ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടികൾ.
രോഗം ബാധിച്ച് മരണപ്പെടുന്ന പന്നികളെ ശാസ്ത്രീയമായി സംസ്കരിക്കുക, ഫാമിലും പരിസരത്തും അണുനശീകരണം നടത്തുക, രോഗം ബാധിച്ച ഫാമിൽ നിന്നും പന്നികളുടെ വിൽപന താൽക്കാലികമായി നിരോധിക്കുക, രോഗബാധിത പ്രദേശത്തും പരിസര പ്രദേശങ്ങളിലും നിരീക്ഷണം നടത്തുക തുടങ്ങിയവയാണ് പ്രധാന രോഗപ്രതിരോധ മാർഗങ്ങൾ.
വൈറസ് രോഗമായതുകൊണ്ട് ചികിത്സ ഇല്ലാത്തതിനാൽ വാക്സിനേഷൻ വഴി മാത്രമേ രോഗം നിയന്ത്രിക്കാൻ കഴിയൂ.
കണ്ണൂർ ജില്ലയിൽ മാത്രം 10,988 പന്നികൾക്കാണ് പന്നിപ്പനി രോഗ പ്രതിരോധകുത്തിവെപ്പ് നടത്തിയത്.