ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ സുപ്രീം കോടതി തള്ളി. ആന്റണി രാജി വിചാരണ നേരിടണമെന്ന് സുപ്രീകോടതി വ്യക്തമാക്കി. ഇന്ന് മുതല്‍ ഒരു വര്‍ഷത്തിനുള്ളിൽ വിചാരണ പൂര്‍ത്തിയാകണം എന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.(Antony Raju’s Evidence tampering case; supreme court verdict)
ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസിൽ ഹൈക്കോടതി നടപടികളില്‍ തെറ്റില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. തൊണ്ടിമുതല്‍ കേസിലെ പുനരന്വേഷണത്തിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്‍റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.