കെബർഹ: അഞ്ച് വിക്കറ്റുകൾ പിഴുത വരുൺ ചക്രവർത്തിയുടെ തകർപ്പൻ ബോളിങ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല.
രണ്ടാം ട്വന്റി20യിൽ ഒരോവർ ശേഷിക്കേ ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുത്തു. മൂന്ന് വിക്കറ്റിനാണ് ആതിഥേയരുടെ ജയം. ഒരുഘട്ടത്തിൽ പ്രോട്ടീസ് നിര തകർന്നടിഞ്ഞപ്പോൾ, ഇന്ത്യക്ക് ജയപ്രതീക്ഷ ഉയർന്നെങ്കിലും അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കോട്സീയും ചേർന്ന് അവരെ ജയത്തിലേക്ക് നയിച്ചു.
സ്കോർ: ഇന്ത്യ – 20 ഓവറിൽ ആറിന് 124, ദക്ഷിണാഫ്രിക്ക – 19 ഓവറിൽ ഏഴിന് 128. ജയത്തോടെ പരമ്പര 1-1 എന്ന നിലയിലായി. ബുധനാഴ്ചയാണ് മൂന്നാം മത്സരം.
ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസൺ (പൂജ്യം) ഇന്ത്യയ്ക്ക് തുടക്കത്തിലെ നഷ്ടമായി.
45 പന്തിൽ 39 റൺസ് നേടിയ ഹാർദിക്കിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. പാണ്ഡ്യയ്ക്കു പുറമേ ഇന്ത്യൻ ടീമിൽ രണ്ടു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 20 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 20 റൺസെടുത്ത തിലക് വർമ, 21 പന്തിൽ നാലു ഫോറുകൾ സഹിതം 27 റൺസെടുത്ത അക്ഷർ പട്ടേൽ എന്നിവരാണ് രണ്ടക്കത്തിലെത്തിയവർ.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാൾഡ് കോട്സെ, എൻ.പീറ്റർ, എയ്ഡൻ മർക്രം, മാർക്കോ യാൻസൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഒരറ്റത്തു വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശത്ത് ഉറച്ചുനിന്ന് പൊരുതിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്.
41 പന്തുകൾ നേരിട്ട സ്റ്റബ്സ്, ഏഴു ഫോറുകളോടെ 47 റൺസുമായി പുറത്താകാതെ നിന്നു. പന്തും റൺസും തമ്മിലുള്ള അകലം വർധിച്ചതോടെ സമ്മർദ്ദത്തിലായ ദക്ഷിണാഫ്രിക്കയെ ഒമ്പതാമനായി ഇറങ്ങിയ ജെറാൾഡ് കോട്സെയുടെ കടന്നാക്രമണമാണ് രക്ഷപ്പെടുത്തിയത്. കോട്സെ ഒമ്പതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു.
ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 20 പന്തിൽ 42 റൺസ് അടിച്ചെടുത്താണ് ടീമിനെ വിജയത്തിലെത്തിച്ചത്. ട്രിസ്റ്റൻ സ്റ്റബ്സാണ് മത്സരത്തിലെ താരം ഇന്ത്യയ്ക്കായി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുൺ ചക്രവർത്തിയാണ് ബോളിംഗ് ആക്രമണം നയിച്ചത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
രവി ബിഷ്ണോയും അർഷ്ദീപ് സിംഗും ഓരോ വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ കളി ജയിച്ചു