മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസിൽ വാദം പൂർത്തിയായി, ഈ മാസം 30 ന് വിധി പറയും.
14 ഡോക്യുമെന്റുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നാല്, അഞ്ച് പ്രതികൾ ആരാണന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
മേയർക്കും പങ്കാളിയും എംഎൽഎയുമായി സച്ചിൻദേവിനൊപ്പം സഞ്ചരിച്ച കന്യാകുമാരി സ്വദേശി രാജീവാണ് നാലാമത്തെ പ്രതി. മേയറുടെ സഹോദരന്റെ ഭാര്യ ആര്യയാണ് അഞ്ചാം പ്രതി. നേരത്തെ പ്രതിപട്ടികയിൽ നാല്, അഞ്ച് പ്രതികൾ ആരെന്ന് ഉണ്ടായിരുന്നില്ല. അതേസമയം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന യദുവിന്റെ ഹർജി 29 ന് വീണ്ടും പരിഗണിക്കും.
നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കൽ, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തൽ എന്നിങ്ങനെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ആര്യയ്‌ക്കെതിരെ പൊലീസ് ചുമത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ബസ്സിൽ അതിക്രമിച്ച് കയറിയെന്നുമാണ് മേയർക്കെതിരെയുള്ള പരാതി. സച്ചിൻ ദേവ് ബസിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഏപ്രിൽ 27ന് തിരുവനന്തപുരം പാളയത്തു വെച്ചാണ് സംഭവം നടന്നത്. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലും കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.
English summary : Mayor Arya Rajendran – KSRTC driver dispute; Judgment on 30th of this month