ന്യൂഡൽഹി: വിസ്താര വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തി. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ‘ബോംബ് ദിസ് ഫ്ലൈറ്റ്’ എന്ന സന്ദേശം കണ്ടെടുത്തത്. എന്നാൽ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.(Bomb threat in Vistara flight)
290 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ട് യാത്രക്കിടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ വിവരം അധികൃതരെ വിവരം അറിയിച്ചതായി വിസ്താര വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്ന് പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിച്ചെന്നാണ് കമ്പനി വിശദമാക്കിയത്. വിശദമായ പരിശോധനയും പൂർത്തിയാക്കി. എന്നാൽ സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
വിസ്താര വിമാനത്തിൽ നിന്ന് വ്യാജ ബോംബ് ഭീഷണി സന്ദേശം കണ്ടെടുക്കുന്നത് ആദ്യത്തെ സംഭവമല്ല. സെപ്റ്റംബർ ഏഴിന് മുംബയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിസ്താര വിമാനം ബോംബ് ഭീഷണി സന്ദേശം ലഭിച്ചയുടൻ തുർക്കിയുടെ അടിയന്തരമേഖലയിൽ ഇറക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് വിമാനം വഴിതിരിച്ച് വിട്ടതെന്നാണ് കമ്പനി അന്ന് അറിയിച്ചിരുന്നത്.