ന്യൂഡൽഹി: അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ ഔദ്യോഗിക ജീവചരിത്രം തയ്യാറാക്കാനുള്ള അവകാശം ലഭിച്ചത് മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥൻ തോമസ് മാത്യുവിനായിരുന്നു.Ratan Tata’s biography is written by a Malayali
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നും വിരമിച്ച വ്യക്തിയാണ് തോമസ് മാത്യു. പുസ്തകം രചിക്കുന്നതിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളായി രത്തൻ ടാറ്റയുടെ സ്വകാര്യ പേപ്പറുകളും കത്തിടപാടുകളും ഫോട്ടോഗ്രാഫുകളുമെല്ലാം മാത്യുവിന് ലഭിക്കുമായിരുന്നു.
രത്തൻ ടാറ്റയുടെ ബാല്യകാലം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികൾ, സംഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ജീവചരിത്രത്തിൽ വിശദീകരിക്കുന്നുണ്ട്.
ടാറ്റയുടെ സ്റ്റീൽ ലിമിറ്റഡ് ഏറ്റെടുക്കൽ, ടാറ്റാ നാനോ പ്രോജക്ട്, മുൻ ചെയർമാൻ സൈറസ് മിസ്തിയെ നീക്കിയത് തുടങ്ങി റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം ഹാർപ്പിൻ കോളിൻസിനാണ്. രണ്ട് കോടി രൂപയ്ക്കാണ് പ്രസിദ്ധീകരണാവകാശം സ്വന്തമാക്കിയത്. കഥേതര വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണിത്. പുസ്തകത്തിന്റെ പ്രിന്റ്, ഇ ബുക്ക്, ഓഡിയോബുക്ക് എന്നിവയുടെയെല്ലാം വിൽപ്പനാവകാശങ്ങൾ ചേർത്ത് രണ്ട് കോടിയിലധികം രൂപയ്ക്കാണ് കരാറായിട്ടുള്ളത്.
രത്തൻ ടാറ്റയുടെ ജീവചരിത്രം എഴുതാൻ കഴിയുന്നതിൽ സന്തോഷമെന്ന് തോമസ് മാത്യു മുൻപ് പറഞ്ഞിട്ടുണ്ട്. ജീവചരിത്രം പുറത്തിറക്കാൻ ടാറ്റ പൂർണസ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും . രത്തന്‍ ടാറ്റയെ അറിയുന്ന നിരവധി പേരെ നേരില്‍ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു..
ടാറ്റയുടെ ജീവിതത്തിലെ ഇനിയും പുറത്തുവരാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ 90 ശതമാനവുമെന്നും തോമസ് മാത്യു ചൂണ്ടിക്കാട്ടിയിരുന്നു..
ഉദാരവത്‌കരണത്തിന് ശേഷമുള്ള കാലത്ത് ഇന്ത്യയലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിനെ നയിച്ച രത്തൻ ടാറ്റയുടെ ആദ്യ അംഗീകൃത ജീവചരിത്രമാണിത്. കേരള കേഡർ ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ മുൻ അഡീഷണൽ സെക്രട്ടറിയുമായ തോമസ് മാത്യു എഴുതുന്ന ജീവചരിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും.
സിനിമ, ഒ. ടി.ടി അവകാശങ്ങളൊക്കെ ലേഖകന് തന്നെയായിരിക്കും. മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന തോമസ് മാത്യു ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടർ ബോര്‍ഡ് അംഗമായി പ്രവർത്തിക്കുന്നുണ്ട്. എഴുത്തുകാരൻ, ഫോട്ടോഗ്രാഫർ, കോർപ്പറേറ്റ് സ്ട്രാറ്റജിസ്റ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേഖലകളിലും ശ്രദ്ധേയനാണ് തോമസ് മാത്യു.