സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ നിയമസഭയിലെത്തിയ പിവി അൻവറിന്റെ വസ്ത്ര ധാരണം ശ്രദ്ധ നേടി. കൈയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞെത്തിയ അൻവർ ആണ് സഭയിലെ താരം. എൽഡിഎഫുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും തുറന്ന യുദ്ധത്തിലേക്ക് കടന്ന അൻവറിന്റെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയിരുന്നു.PV Anwar’s dress sense when he reached the assembly attracted attention
പ്രതിപക്ഷത്തിനൊപ്പം ഇരിപ്പിടം അനുവദിച്ച അൻവർ ലീഗ് എംഎൽഎ എകെഎം അഷ്‌റഫിന് സമീപമാണ് ഇരിക്കുന്നത്. സഭയിലേക്ക് കെടി ജലീൽ എംഎൽഎയ്‌ക്കൊപ്പമെത്തിയ പിവി അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നെങ്കിലും പിന്നീട് പുതിയ ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് പിണറായി വിജയൻ ഇന്ന് നിയമസഭയിൽ എത്തില്ലെന്നാണ് റിപ്പോർട്ടുകൾ. പനിയെ തുടർന്ന് ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതിനാലാണ് സഭയിലെത്താൻ സാധിക്കാത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നിയമസഭയിൽ പ്രതിപക്ഷം ഇന്ന് തൃശൂർ പൂരം സംബന്ധിച്ചുള്ള വിഷയങ്ങൾ ഉന്നയിക്കും.
കഴിഞ്ഞ ദിവസത്തെ അടിയന്തര പ്രമേയ ചർച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പൂരം വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. 12 മുതൽ 2 വരെയാണ് ഇത് സംബന്ധിച്ച ചർച്ച.