മാന്നാറിൽ 15 വർഷം മുൻപ് കാണാതായ കല ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകൻ. അമ്മ ജീവനോടെയുണ്ടെന്ന് ഉറപ്പുണ്ടെന്നും അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും മകൻ പ്രതികരിച്ചു. അമ്മയെ ഈ അടുത്ത് കണ്ടിരുന്നോ എന്ന ചോദ്യത്തിന് കാണാതായ ശേഷം കണ്ടില്ല എന്നും എന്നാൽ എവിടെയോ അമ്മ ജീവിച്ചിരിക്കുന്നുണ്ട് എന്നുമാണ് പ്രതികരണം. (Son said that mother is alive in mannar murder case)
താൻ പ്ലസ് വൺ വിദ്യാർത്ഥിയാണെന്നും ഇന്നലെ സംഭവമറിഞ്ഞതിന് ശേഷം സ്‌കൂളിൽ പോയില്ലെന്നും സഹ വിദ്യാർത്ഥികൾക്കിടയിൽ മാനം നഷ്ടമായെന്നും മകൻ പറയുന്നു.
കലയുടെ കൊലപാതകം സ്ഥിരീകരിച്ച പൊലീസ് ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മകൻ പറഞ്ഞത് വാർത്ത കേട്ടതിലുള്ള മാനസിക ബുദ്ധിമുട്ട് മൂലമുള്ള വൈകാരിക പ്രതികാരമാണ് എന്ന നിഗമനത്തിലാണ് പൊലീസ്.
കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തിൽ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചത്. . 2009 ലായിരുന്നു സംഭവം എന്നാണ് പോലീസ് പറയുന്നത്.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് കണ്ടെത്തൽ. മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തവെന്നും പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറഞ്ഞിട്ടില്ല.