തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ സത്യഭാമക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് സത്യഭാമക്ക് ജാമ്യം നൽകിയത്. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്.(Satyabhama got bail in caste abuse case)
സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സമാന കുറ്റകൃത്യം ആവര്‍ത്തിക്കരുത്, പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ അടക്കമാണ് 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തോടെ ഇവരുടെ ഹര്‍ജി പരിഗണിച്ചത്. ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷനും ആര്‍ എല്‍ വി രാമകൃഷ്ണനും കോടതിയില്‍ വാദിച്ചു. ചെറിയ കേസായി കാണാന്‍ കഴിയില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.
കേസിനാസ്പദമായ സംഭവത്തിന് ശേഷവും സമാനമായ പ്രതികരണം പ്രതി മാധ്യമങ്ങളില്‍ ആവര്‍ത്തിച്ചുവെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ കോടതിയെ അറിയിച്ചു. പ്രതിയെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമെന്ന് പ്രോസിക്യൂഷനും വാദിച്ചു. വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, അഞ്ചു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിക്കുവേണ്ടി ഹാജരായ ബി എ ആളൂര്‍ വാദിച്ചു. ‘വിവാദ പരാമര്‍ശം കാരണം ജീവിതത്തില്‍ പല വിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. തന്റെ വിദ്യാര്‍ത്ഥികളെ എല്ലാം നഷ്ടമായി. മനഃപൂര്‍വം അധിക്ഷേപ ശ്രമം നടത്തിയിട്ടില്ല. കറുത്ത കുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ്‌സി എസ്ടി വകുപ്പിന്റെ പരിധിയില്‍ വരും’, എന്നും ബി എ ആളൂര്‍ വാദിച്ചു.
Read Also: ഹിജാബോ ബുര്‍ഖയോ ധരിച്ച് വരാൻ പാടില്ലെന്ന് കോളേജ്; ഹൈക്കോടതിയിൽ ഹർജി നൽകി വിദ്യാർത്ഥിനികൾ
Read Also: മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; മുപ്പതിലധികം ആളുകൾ ചികിത്സ തേടി
Read Also: കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍