കണ്ണൂർ:പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത മുൻനിർത്തി മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ കണ്ണൂർ ജില്ലാഭരണകൂടം. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ജില്ലാ കളക്ടർ അരുൺ കെ.വിജയൻ നിർദ്ദേശിച്ചു.
തദ്ദേശസ്വയംഭരണ സഥാപനങ്ങൾ ഇത്തരക്കാരെക്കുറിച്ചുള്ള പരാതി പൊലീസിന് കൈമാറാനാണ് നിർദ്ദേശം. പൊതുനിരത്തിലോ ജലാശയങ്ങളിലോ മാലിന്യം വലിച്ചെറിയുന്നവർക്ക് 1000 രൂപ മുതൽ 50,000 രൂപവരെ പിഴ വിധിക്കാം. ആറു മാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്താലും 5000 രൂപ പിഴ ഈടാക്കും.
കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യ നിർമ്മാർജന, ശുചീകരണ പ്രവർത്തനം അവലോകനം ചെയ്യാൻ ഇന്നലെ ജില്ലാകളക്ടർ യോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് മാലിന്യനിർമ്മാർജ്ജം കാര്യക്ഷമമാക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടത്.
അലക്ഷ്യമായി മാലിന്യം കൂട്ടിയതിന് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് 25000 രൂപ പിഴ ചുമത്തിയ വാഹന സർവീസ് സെന്ററിന് ഇതെ മാലിന്യം സ്വകാര്യ ഭൂമിയിൽ തള്ളിയതിനെ തുടർന്ന് വീണ്ടും പിഴ ചുമത്തി. മാലിന്യം കൂട്ടിയിട്ടതിനും അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും റെനോ കാർ കമ്പനിയുടെ കക്കാടുളള സർവീസ് സെന്ററിനെതിരെയാണ് മുഴപ്പിലങ്ങാട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ 25000 രൂപ പിഴ ചുമത്തിയത്. മാലിന്യം സംസ്കരിക്കാൻ ഏൽപ്പിച്ച സ്വകാര്യ ഏജൻസി ഇത് പൊതുസ്ഥലത്ത് തള്ളിയത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. പല സ്ഥാപനങ്ങളും അംഗീകാരമില്ലാത്ത ഏജൻസികൾക്ക് പണം കൊടുത്ത് നിയമവിരുദ്ധമായി മാലിന്യം കൈയൊയൊഴിയുകയാണ് . ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ബൾക്ക് വേസ്റ്റ് കാറ്റഗറിയിൽപെടുന്ന സ്ഥാപനങ്ങളിലേക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധന വ്യാപിപ്പിച്ചു. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ഏജൻസികളുടെ പ്രവർത്തനം അന്വേഷിച്ച് നിയമലംഘനം കണ്ടെത്തി നടപടിയെടുക്കും.
വകുപ്പുകൾക്ക് കളക്ടറുടെ നിർദ്ദേശങ്ങൾ ഇങ്ങനെ. തദ്ദേശസ്ഥാപനങ്ങൾ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അവ നീക്കം ചെയ്യണം. ഹോട്ടലുകൾ, സ്‌ക്രാപ്പ് സ്ഥാപനങ്ങൾ, അതിഥി തൊഴിലാളികളുടെ വാസ്സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ. തദ്ദേശസ്ഥാപനങ്ങളുടെ എം.സി.എഫ്, ആർ.ആർ.എഫുകളിൽ നിന്ന് കെട്ടിക്കിടക്കുന്ന സാധനങ്ങൾ നീക്കം ചെയ്യണം.അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾ കണ്ടെത്താൻ പരിശോധന. എം.സി.എഫുകളിൽ നിന്നുമുള്ള മാലിന്യത്തിന്റെ നാലു മാസത്തേക്കുള്ള ലിഫ്റ്റിംഗ് പ്ലാനുകൾ 3 ദിവസത്തിനുള്ളിൽ സമർപ്പിക്കണം. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കൂട്ടായ പ്രവർത്തനങ്ങളിൽ പൊലീസും പങ്കെടുക്കണം.