തൃശൂര്‍: പെറ്റ് ഷോപ്പിൽ നിന്ന് പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്. പെരിങ്ങാവിലെ പെറ്റ് ഷോപ്പിൽ നിന്നാണ് ഇവർ വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കടത്തിയത്. കുന്നംകുളത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ മോഷണത്തിനെത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് പെരിങ്ങാവ് എസ് എന്‍ പെറ്റ്സ് ഷോപ്പില്‍ കവര്‍ച്ച നടന്നത്. സ്ഥാപനത്തിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ വിലവരുന്ന ആറ് വളര്‍ത്തു നായ് കുഞ്ഞുങ്ങളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയുമാണ് കവര്‍ന്നത്. പ്രതികളിലൊരാളായ മുഹമ്മദ് ഹസൻ സ്ഥിരം ബൈക്ക് മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖം മുറച്ചുകൊണ്ട് കടയില്‍ കയറിയ യുവാവിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചിരുന്നത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോയി.
സംഭവത്തില്‍ സ്ഥാപനം ഉടമ പൊലീസില്‍ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേര്‍ പിടിയിലായത്. മോഷ്ടിച്ച നായ് കുഞ്ഞുങ്ങള്‍ക്കും പൂച്ചകള്‍ക്കുമുള്ള തീറ്റ വാങ്ങുന്നതിനായി ഇവര്‍ പോകുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ മോഷ്ടിച്ച നായ് കുഞ്ഞുങ്ങളെയും പൂച്ചകളെയും പൊലീസ് കണ്ടെടുത്തു. ഇവയെ പെറ്റ്ഷോപ്പ് ഉടമയ്ക്ക് കൈമാറി.
Read Also: പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം കാത്തിരുന്നത് 4,14,159 വിദ്യാർത്ഥികൾ