ഉത്പാദനം ഇടിഞ്ഞതോടെ സംസ്ഥാനത്ത് കാപ്പിവില പല മടങ്ങായി ഉയർന്നു. നാലു വർഷം മുൻപ് 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 230 രൂപയായിട്ടും 110 രൂപ വിലയുണ്ടായിരുന്ന കാപ്പി പരിപ്പിന്റെ വില 362 രൂപയായുമായാണ് ഉയർന്നത്. ഇടുക്കി വയനാട് ജില്ലകളിലാണ് പ്രധാനമായും കാപ്പി കൃഷിയുള്ളത്. ഇവിടങ്ങളിൽ നിന്നും കർഷകർ വൻ തോതിൽ കാപ്പി കൃഷിയുപേക്ഷിച്ചതാണ് വില ഉയരാൻ കാരണം.
2019 ഓഗസ്റ്റിൽ ഹൈറേഞ്ചിൽ ഏലം വില റെക്കോഡിലെത്തിയിരുന്നു. തുടർന്ന് ഇടുക്കിയിലെ കർഷകർ കാപ്പിച്ചെടി പിഴുതുമാറ്റി ഏലം നട്ടത് ഇടുക്കിയിൽ നിന്നും കാപ്പികൃഷി ഏറെക്കുറെ അപ്രത്യക്ഷമാകാൻ കാരണമായി. വിളവെടുപ്പിന് വേണ്ടത്ര തൊഴിലാളികളെ കിട്ടാതായതോടെ കർഷകർ കാപ്പി കൃഷിയിൽ നിന്നും പിന്മാറി. പ്രാദേശിക തൊഴിലാളികൾക്ക് 800 രൂപയും മറുനാടൻ തൊഴിലാളികൾക്ക് 600 രൂപയും നൽകിയാൽ മാത്രമേ വിളവെടുക്കാൻ കഴിയൂ. കാലാവസ്ഥാ വ്യതിയാനം മൂലം കാപ്പിക്കുരു ഒരുമിച്ച് പഴുക്കാത്തതിനാൽ രണ്ടു തവണ വിളവെടുപ്പ് നടത്തേണ്ട സാഹചര്യമുണ്ടാക്കി. ഇതോടെ വിളവെടുപ്പ് കൂലി പോലും കിട്ടാതായതോടെ കർഷകരിൽ പലരും കാപ്പിക്കുരു വിളവെടുത്തില്ല. ഇത് കമ്പോളങ്ങളിൽ കാപ്പിക്കുരുവിന്റെ ലഭ്യത കുറയാൻ കാരണമായി.
കാലാവസ്ഥാ വ്യതിയാനവും തുടർച്ചയായ മഴയുംമൂലം മുൻവർഷങ്ങളിൽ കാപ്പിച്ചെടികൾക്ക് വർഷകാലത്തും മഴയ്ക്ക് മുൻപും ചെയ്തിരുന്ന രോഗ കീട നിയന്ത്രണങ്ങൾ സ്വീകരിച്ചില്ല. ഇത് കാപ്പിച്ചെടികൾക്ക് കറുത്തഴുകൽ, ഞെട്ടഴുകൽ,കായപൊഴിച്ചിൽ തുടങ്ങിയ രോഗങ്ങൾ ബാധിയ്ക്കുവാൻ കാരണമായി. കാപ്പിച്ചെടികളിൽ കായകളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ തുടർച്ചയായി മഴ പെയ്തത് ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതിനും അതിലൂടെ കായകളുടെ കൊഴിഞ്ഞു പോക്കിനും കാരണമായി.
അറബിക്ക, റോബസ്റ്റ ഇനങ്ങളിൽ കറുത്തഴുകൽ, ഞെട്ട് ചീയ്യൽ തുടങ്ങിയ രോഗങ്ങളും വർധിച്ചിരുന്നു.
അറബിക്ക കാപ്പിയിൽ എട്ട് ശതമാനം വരെയും റോബസ്റ്റ ഇനത്തിൽ 15 ശതമാനം വരെയും സാധാരണയായി കായകൾ കൊഴിഞ്ഞു പോകാറുണ്ട്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും തുടർന്നുണ്ടായ രോഗവും മൂലം കായ പൊഴിച്ചിൽ ഇരട്ടിയായി. രോഗങ്ങൾ വർധിച്ചതോടെ വിളവും കുറഞ്ഞു. ഫലത്തിൽ വില വന്നപ്പോൾ ചെറുകിട കർഷകന്റെ കൈയ്യിൽ വിളവില്ലാത്ത അവസ്ഥയായി.