ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. 40 യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് ഏകദേശം 50 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബസ്സപകടത്തില്‍ 12 പേർ മരിച്ചതായി ദുർഗ് ജില്ലാ കളക്ടർ റിച്ചാ പ്രകാശ് ചൗധരിയും സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 12 പേർ റായ്പുർ എയിംസിലേക്കും രണ്ട് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായും അവർ പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8.30-നാണ് സംഭവം. ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.









