എല്ലാം മുകളിലുള്ള ഒരാൾ കാണുന്നുണ്ട് എന്നത് ഇനി മുതൽ എല്ലാം മുകളിലുള്ള ക്യാമറ കാണുന്നുണ്ട് എന്നാക്കേണ്ടി വരും. അടുത്ത വർഷം വിക്ഷേപിക്കാൻ ഒരുങ്ങുന്ന കൃത്രിമ ഉപഗ്രഹമാണ് കക്ഷി. ഏതു സമയവും ഭൂമിയിലുള്ള ഏതൊരാളേയും നിരീക്ഷിക്കാൻ ഈ ഉപഗ്രഹത്തിന് കഴിയും എന്നതാണ് വലിയ പ്രത്യേകത.
അൽബെഡോ എന്ന സ്റ്റാർട്ട്അപ്പ് നിർമിച്ച കൃത്രിമോപഗ്രഹത്തിന് ഭൂമിയിലെ മനുഷ്യരുടെ മുഖവും വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളും വരെ കൃത്യമായി സൂം ചെയ്ത് നിരീക്ഷിക്കാനാകുമത്രെ. അതോടെ ഭൂമിയിലെ മനുഷ്യർക്ക് സ്വകാര്യത എന്നൊന്ന് ഇല്ലാതായേക്കും എന്ന ആശങ്കയാണ് ഉയരുന്നത്.
സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾക്കു മറുപടിയായി തങ്ങൾ നിർമിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനമില്ലെന്നാണ് അൽബെഡോ പറയുന്നത്. അപ്പോഴും അൽബെഡോ ഉപഗ്രഹങ്ങൾ വഴി ഏതൊരാളുടേയും മുഖം തിരിച്ചറിയാനാവുമെന്ന കാര്യത്തിൽ തർക്കമില്ല. സ്വകാര്യത എന്നത് കഴിഞ്ഞകാലത്ത് മനുഷ്യർ ആസ്വദിച്ചിരുന്ന ഒന്നായി മാറുകയാണോ എന്ന ആശങ്കയാണ് അൽബെഡോ സാറ്റലൈറ്റുകളുടെ വരവോടെ മേഖലയിലെ വിദഗ്ധരിൽ നിന്നും ഉയരുന്നത്.
‘ഏതൊരു സർക്കാരിനും നമ്മുടെ സമ്മതം കൂടാതെ എപ്പോഴും എത്ര സമയവും നമ്മളെ നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഇങ്ങനെയൊരു ആകാശ ക്യാമറകൊണ്ടുള്ള പ്രശ്‌നം. നമ്മൾ തീർച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്’ എന്നാണ് ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ ജനറൽ കൗൺസൽ ജെന്നിഫർ ലിഞ്ച് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്. ‘ബിഗ് ബ്രദർ എല്ലാം കാണുന്ന ലോകത്തിലേക്ക് നമ്മൾ ഒരു പടി കൂടി അടുത്തുകഴിഞ്ഞു’ എന്നായിരുന്നു ഹാർവാഡ് അസ്‌ട്രോഫിസിസിസ്റ്റ് ജൊനാഥൻ സി മക്‌ഡോവലിന്റെ പ്രതികരണം.
കൃത്രിമോപഗ്രഹങ്ങൾക്ക് 30 സെന്റിമീറ്ററിന്റെ നിയന്ത്രണമുള്ള കാലത്ത് റോഡിലൂടെയുള്ള വാഹനങ്ങളേയും ട്രാഫിക് ലൈറ്റുകളേയും കെട്ടിടങ്ങളേയും വരെയായിരുന്നു വ്യക്തതയോടെ കാണാനായിരുന്നത്. മനുഷ്യരുടെ മുഖത്തിലേക്കു സൂം ചെയ്യുന്നതോടെ ദൃശ്യങ്ങൾ അവ്യക്തമാവും. എന്നാൽ ഇപ്പോൾ അൽബെഡോയുടെ കൃത്രിമോപഗ്രഹങ്ങളിൽ ഭൂമിയിലെ മനുഷ്യരുടെ മുഖം വ്യക്തമായി ബഹിരാകാശത്തു നിന്നും കാണാനാവും. ട്രംപ് സ്വകാര്യ കമ്പനികളുടെ സാറ്റലൈറ്റ് നിർമാണത്തിൽ വലിയ തോതിൽ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ചുവടു പിടിച്ച് 2020ൽ ആരംഭിച്ച സ്റ്റാർട്ട്അപ്പാണ് അൽബെഡോ. കൃത്രിമോപഗ്രഹങ്ങളുടെ രൂപകൽപനയിലും നിർമാണത്തിലും പ്രവർത്തനത്തിലും വലിയ ഇളവുകളാണ് ട്രംപ് നൽകിയിരുന്നത്. നേരത്തെ ഭൂമിയിൽ പരമാവധി 30 സെന്റിമീറ്റർ വലുപ്പമുള്ള വസ്തുക്കളിലേക്കു വരെ സൂം ചെയ്യാനായിരുന്നു കൃത്രിമോപഗ്രഹങ്ങൾക്ക് അനുമതി. ഇത് പത്ത് സെന്റിമീറ്ററായി കുറച്ചു. സൈന്യത്തിന് കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ കാണുന്നതിനു വേണ്ടിയാണിതെന്നായിരുന്നു വിശദീകരണം.
അമേരിക്കൻ വ്യോമസേനയുടെ 1.25 ദശലക്ഷം(ഏകദേശം 10.36 കോടി രൂപ) ഡോളറിന്റെ കരാർ അൽബെഡോ 2022 മാർച്ചിൽ സ്വന്തമാക്കിയിരുന്നു. നാഷണൽ എയർ ആൻഡ് സ്‌പേസ് ഇന്റലിജൻസ് സെന്ററിൽ നിന്നും 1.25 ദശലക്ഷം ഡോളറിന്റെ തന്നെ കരാർ 2023 ഏപ്രിലിൽ അൽബെഡോ നേടി. ഈ കരാർ രാത്രി നിരീക്ഷണത്തിനു യോജിച്ച സാറ്റലൈറ്റുകൾ നിർമിക്കാനുള്ളതായിരുന്നു. വസ്തുക്കൾ ചലിക്കുന്നുണ്ടോ ഇല്ലയോ എന്നതുൾപ്പടെ അൽബെഡോ സാറ്റലൈറ്റുകൾ നിരീക്ഷിക്കും. ‘അടിയന്തര ഘട്ടങ്ങളിൽ നിർണായക തീരുമാനങ്ങളെടുക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ ഉപകരിക്കും’ എന്നാണ് യു എസ് ബഹിരാകാശ സേനയുടെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഇന്റലിജൻസ് ജോസഫ് റോഗ് പറഞ്ഞത്.