‘റെഡ് ആർമി’ പേജും വ്യാജ പ്രൊഫൈലുകളും കുടുങ്ങും! സ്ക്രീൻഷോട്ടുകൾ സഹിതം പരാതി നൽകി കോൺഗ്രസ് നേതാവ്
തൃശൂർ: സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തി വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപൻ തൃശൂർ റൂറൽ എസ്.പി-ക്ക് പരാതി നൽകി.
‘പാർട്ടി വിടാനൊരുങ്ങി ടി.എൻ. പ്രതാപൻ’ എന്ന തലക്കെട്ടോടെ തന്റെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്നതായി പരാതിയിൽ പറയുന്നു.
രാഷ്ട്രീയമായും വ്യക്തിപരമായും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് ഇതിന് പിന്നിലെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു.
ഇടതുപക്ഷ അനുകൂല നിലപാടുള്ള ‘റെഡ് ആർമി’ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യമായി പോസ്റ്റ് പ്രത്യക്ഷപ്പെട്ടതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
‘അഭിലാഷ് അപ്പു അഭിലാഷ്’ എന്ന പേരിലുള്ള പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റാണ് പിന്നീട് വ്യാപകമായി പ്രചരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകീർത്തിപ്പെടുത്താനുള്ള ശ്രമമെന്ന് ആരോപണം
തന്നെ രാഷ്ട്രീയമായി ആക്രമിക്കാനും പാർട്ടി പ്രവർത്തകരുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഉദ്ദേശിച്ചാണ് വ്യാജ കാർഡുകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നതെന്നാണ് പരാതിയിലെ ആരോപണം.
പോസ്റ്ററുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകൾ പരിശോധിച്ച് പിന്നിലുള്ളവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ടി.എൻ. പ്രതാപൻ പൊലീസിനെ സമീപിച്ചത്.
English Summary
AICC secretary T.N. Prathapan has filed a complaint with the Thrissur Rural SP alleging a fake social media campaign claiming he is preparing to quit his party. He said the posts were aimed at damaging his political image and misleading party workers.









