17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ട് യുവാക്കളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
കിനാലൂർ സ്വദേശി അർഷാദ് ഹുസ്സൈൻ (26), തലക്കുളത്തൂർ സ്വദേശി സജീർ (26) എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ 30നാണ് സംഭവം നടന്നത്. രാത്രി പാളയത്ത് നിന്ന് പുഷ്പ ജംഗ്ഷൻ ഭാഗത്തേക്ക് നടന്ന് പോകുകയായിരുന്ന 17കാരനെ പ്രതികൾ സ്കൂട്ടറിൽ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി.
ജയലക്ഷ്മി സിൽക്സിന് സമീപത്തെ പെട്രോൾ പമ്പ് ഭാഗത്ത് വെച്ചാണ് വിദ്യാർത്ഥിയെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ആളൊഴിഞ്ഞ കടമുറിയിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയതായും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അർഷാദ് ഹുസ്സൈനിനെ പൂനൂരിൽ നിന്നും സജീറിനെ കോഴിക്കോട് നഗരത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിലെ പ്രതികൾ
പ്രതികൾക്കെതിരെ മുമ്പും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
സജീറിനെതിരെ കോഴിക്കോട് സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗം, വിൽപ്പന, പൊതുജനശല്യം തുടങ്ങിയ കേസുകളുണ്ട്.
അർഷാദ് ഹുസ്സൈനിനെതിരെയും മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്നും ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് 25 കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായി രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary
Two men were arrested in Kozhikode for allegedly abducting and sexually assaulting a 17-year-old boy. Police said the accused also threatened the victim with a knife and stole his mobile phone.









