വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക വിധി
കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ പിതാവ് നൽകിയ സ്വത്ത് നഷ്ടപ്പെടുമെന്ന തരത്തിലുള്ള വ്യവസ്ഥകൾക്ക് നിയമസാധുതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം നിബന്ധനകൾ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും അത് പാലിക്കാൻ ആരും ബാധ്യസ്ഥരല്ലെന്നും കോടതി നിരീക്ഷിച്ചു.
വൈക്കം സ്വദേശി വർക്കി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ വിധി പ്രസ്താവിച്ചത്. 1965-ൽ തയ്യാറാക്കിയ ധനനിശ്ചയാധാരപ്രകാരം ഹർജിക്കാരന്റെ സഹോദരി കത്രീനയ്ക്ക് പിതാവ് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ, മകൾ വിവാഹിതയാവുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ ഭൂമി മകനു ലഭിക്കുമെന്ന വ്യവസ്ഥയും രേഖയിൽ ഉൾപ്പെടുത്തിയിരുന്നു.
1971-ൽ വിവാഹിതയായ കത്രീന പിന്നീട് ജർമനിയിലേക്ക് പോയി. 1983-ൽ പിതാവ് മരിച്ചതിന് ശേഷം ആധാരത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി വർക്കി ഭൂമി സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്യുകയായിരുന്നു.
ഇതിനെതിരെ കത്രീന കോടതിയെ സമീപിച്ചെങ്കിലും ആദ്യഘട്ടത്തിൽ മുൻസിഫ് കോടതിയിൽ അനുകൂല വിധി ലഭിച്ചില്ല. എന്നാൽ അപ്പീലിൽ കോട്ടയം അഡീഷണൽ ജില്ലാ കോടതി കത്രീനയ്ക്ക് അനുകൂലമായി വിധി പറഞ്ഞു. ഇതിനെതിരെയായിരുന്നു ഹൈക്കോടതിയിലെ അപ്പീൽ.
വിവാഹം കഴിക്കുന്നതിനെയോ കന്യാസ്ത്രീയാകുന്നതിനെയോ തടയുന്ന വ്യവസ്ഥ ഇന്ത്യൻ കരാർ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം നിബന്ധനകൾ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പിതാവ് നൽകിയ 10 സെന്റ് സ്ഥലത്തിൽ കത്രീനയ്ക്ക് പൂർണ അവകാശമുണ്ടെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
English Summary
The Kerala High Court has ruled that conditions stating a woman would lose property rights if she marries or becomes a nun are legally invalid. The court observed that such clauses violate individual freedom and cannot be enforced. The judgment came while dismissing an appeal filed by a Vaikom native over a property dispute involving his sister. The court held that restrictions on marriage are void under Section 26 of the Indian Contract Act and affirmed the woman’s full ownership rights over the property gifted by her father.









