പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു
കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചു. സി.എൻ.ജി വില കിലോഗ്രാമിന് രണ്ട് രൂപയും കൂട്ടി. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ നിലവിൽ വന്നു. ഡീസൽ വില വർദ്ധനവ് അവശ്യസാധനങ്ങളുടെ വിലയിലും ഗതാഗതച്ചെലവിലും പ്രതിഫലിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള ക്രൂഡോയിൽ വിപണിയിൽ ഉണ്ടായ പ്രതിസന്ധിയാണ് വിലവർദ്ധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. 76 ദിവസമായി ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിന് മുകളിലാണ് തുടരുന്നത്. വലിയ നഷ്ടം സഹിച്ചാണ് ഇതുവരെ ഇന്ധനം വിതരണം ചെയ്തതെന്നും ഇനി വില കൂട്ടാതെ മുന്നോട്ടുപോകാനാകില്ലെന്നും കമ്പനികൾ വ്യക്തമാക്കി.
നാല് വർഷത്തിനിടെ ഇതാദ്യമായാണ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ പൂർത്തിയായതിന് പിന്നാലെയാണ് കേന്ദ്രം വിലവർദ്ധനയ്ക്ക് അനുമതി നൽകിയത്. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിൽപ്പനയിൽ എണ്ണക്കമ്പനികൾക്ക് പ്രതിദിനം ഏകദേശം 1,600 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. നിലവിലെ വർദ്ധനവിലൂടെ പ്രതിമാസ നഷ്ടത്തിൽ 5,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ. ക്രൂഡോയിൽ വില കുറയാത്ത പക്ഷം വീണ്ടും വിലവർദ്ധന ഉണ്ടാകാനും സാധ്യതയുണ്ട്.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ പുതുക്കിയ പെട്രോൾ വില: തിരുവനന്തപുരം 110.58 രൂപ, എറണാകുളം 108.93 രൂപ, കോഴിക്കോട് 109.37 രൂപ. ഡീസൽ വില തിരുവനന്തപുരം 99.35 രൂപ, എറണാകുളം 97.80 രൂപ, കോഴിക്കോട് 98.23 രൂപയായി.
ഇന്ധനവില വർദ്ധനയുടെ ആഘാതം കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഇടപെടലുകൾ പരിഗണിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിച്ചു. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാർ മുൻപ് സെസ് കുറച്ച നടപടി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.
English Summary
Public sector oil companies have increased petrol and diesel prices by ₹3 per litre and CNG prices by ₹2 per kilogram with immediate effect. The hike comes amid rising crude oil prices driven by the West Asia conflict, with global crude remaining above $100 per barrel for over two months. Oil companies cited mounting losses as the reason for the increase. The move is expected to trigger inflation in essential commodities and transportation costs. Kerala’s incoming Chief Minister V.D. Satheesan said the government would examine measures to reduce the burden on people.









