പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു
പാലക്കാട് സി.പി.ഐ.എമ്മിൽ വലിയൊരു രാഷ്ട്രീയ പൊട്ടിത്തെറിക്ക് വഴിയൊരുങ്ങുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചതാണ് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
പാലക്കാട് ഏരിയ കമ്മിറ്റി അംഗമായ ഷുക്കൂർ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവുമായുള്ള രൂക്ഷമായ തർക്കത്തിന് പിന്നാലെയാണ് കടുത്ത തീരുമാനമെടുത്തത്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ പോലീസ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
പാർട്ടിയിലെ പദവികളെ സംബന്ധിച്ച ചിലരുടെ പരിഹാസങ്ങളാണ് ഇത്തരമൊരു നിലപാടിലേക്ക് തന്നെ എത്തിച്ചതെന്ന് ഷുക്കൂർ വ്യക്തമാക്കുന്നു.
യോഗത്തിനിടെ ഷുക്കൂർ വഹിക്കുന്ന സ്ഥാനമാനങ്ങൾ പാർട്ടിയുടെ ഔദാര്യമാണെന്ന തരത്തിൽ ജില്ലാ സെക്രട്ടറിയിൽ നിന്നും മറ്റ് ചില നേതാക്കളിൽ നിന്നും വിമർശനമുയർന്നതാണ് പ്രകോപനത്തിന് കാരണമായത്.
ഈ പരാമർശത്തിൽ പ്രതിഷേധിച്ച് ഷുക്കൂർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും അദ്ദേഹം തന്റെ നിലപാട് പരസ്യമാക്കി.
പാർട്ടിയിലെ പദവികൾ ആരുടെയും ഔദാര്യമല്ലെന്നും തന്റെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
നേതാക്കളുടെ വാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ഒന്നര വർഷമായി പാർട്ടിക്കുള്ളിൽ താൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ഷുക്കൂർ വെളിപ്പെടുത്തുന്നു.
ഈ പ്രസ്ഥാനത്തിനായി വെയിലത്തും മഴയത്തും ഒഴുക്കിയ വിയർപ്പിന്റെ അടയാളമാണ് താൻ വഹിച്ച ഉത്തരവാദിത്വങ്ങൾ. അവ ആരോ നൽകിയ ‘ഒസിയത്തോ’ കൈനീട്ടമോ ആണെന്ന പരിഹാസം സഹിക്കാൻ കഴിയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
കപടമായ ഔദാര്യത്തേക്കാൾ അന്തസ്സുള്ള നിലപാടാണ് വലുതെന്ന് വിശ്വസിക്കുന്നതായും ഇനി മുതൽ കൂടുതൽ സ്വതന്ത്രനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് പാർട്ടിയിൽ സജീവമായിരുന്ന ഷുക്കൂർ ഇത്തരത്തിൽ പരസ്യമായി രംഗത്തുവന്നത് പാലക്കാട്ടെ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും ഷുക്കൂറും ജില്ലാ നേതൃത്വവും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. അന്ന് ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഷുക്കൂർ ഉന്നയിച്ച വിമർശനങ്ങൾ വലിയ വാർത്തയായിരുന്നു.
അക്കാലത്ത് രാജി സന്നദ്ധത അറിയിച്ച ഷുക്കൂറിനെ മുതിർന്ന നേതാവ് എൻ.എൻ. കൃഷ്ണദാസ് നേരിട്ട് ഇടപെട്ടാണ് അനുനയിപ്പിച്ചത്.
എന്നാൽ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തവണ അനുനയ നീക്കങ്ങൾ വിജയിക്കുമോ എന്ന കാര്യം സംശയത്തിലാണ്.
നഗരസഭാ കൗൺസിലർ സ്ഥാനത്തെക്കുറിച്ചും പാർട്ടിയുമായുള്ള ഭാവി ബന്ധത്തെക്കുറിച്ചും ഷുക്കൂർ വൈകാതെ കൂടുതൽ വ്യക്തത നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.









