മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്
തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുമ്പോൾ കോൺഗ്രസിലെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അവകാശവാദവുമായി രംഗത്ത്. പാർട്ടിയിലെ സീനിയർ നേതാവാണ് താനെന്നും, സീനിയോറിറ്റി മാനദണ്ഡമാക്കണോ എന്നത് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കു നല്ലൊരു വിഭാഗം എംഎൽഎമാരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസവും ചെന്നിത്തല പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി അധ്യക്ഷൻ തീരുമാനിക്കാമെന്നും, അല്ലെങ്കിൽ എംഎൽഎമാരുടെ പിന്തുണ പരിഗണിച്ചും തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഘടകകക്ഷികളുമായി തർക്കമുണ്ടാകില്ലെന്നും, ആരും സ്ഥാനത്തിനായി തുറന്ന ക്യാൻവാസിംഗ് നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവരെയും മന്ത്രിയാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിന് കാരണമായതെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങൾ വ്യക്തമായ സന്ദേശമാണ് നൽകിയതെന്നും, യുഡിഎഫിന്റെ പോസിറ്റീവ് അജണ്ടയ്ക്ക് ലഭിച്ച അംഗീകാരമാണ് വിജയം എന്നും അദ്ദേഹം വിലയിരുത്തി.
ധർമ്മടം മണ്ഡലത്തിൽ വി.പി. അബ്ദുൾ റഷീദാണ് യഥാർത്ഥ വിജയിയെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു. എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്നത് കൂട്ടായ തീരുമാനമായിരുന്നുവെന്നും, ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡിനാണെന്നും വ്യക്തമാക്കി.
സമുദായ സംഘടനകളുടെ നിലപാടുകൾക്ക് പാർട്ടി അതേ രീതിയിൽ പ്രതികരിക്കണമെന്നില്ലെന്നും, അത് യോജിപ്പിന്റെ അടയാളമല്ലെന്നും അദ്ദേഹം പറഞ്ഞു. 2011-ൽ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് താനാണെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
English Summary
Senior Congress leader Ramesh Chennithala has staked a claim for the Chief Minister post, citing seniority and support among MLAs. He said the final decision will be taken by the party leadership.
ramesh-chennithala-cm-claim-congress-kerala
രമേശ് ചെന്നിത്തല, മുഖ്യമന്ത്രി മത്സരം, കോൺഗ്രസ്, യുഡിഎഫ്, കേരള രാഷ്ട്രീയം, സീനിയോറിറ്റി, ഹൈക്കമാൻഡ്









