ഇനി പുല്ലുവെട്ടാൻ വിയർക്കണ്ട, കളിപ്പാട്ടം പോലെ നിയന്ത്രിക്കാം! നെല്ലിമറ്റം എൻജിനിയറിങ് കോളജ് വിദ്യാർത്ഥികളുടെ അത്ഭുത യന്ത്രം!
കൊച്ചി: മനുഷ്യ സഹായം ഇല്ലാതെ സുരക്ഷിതമായി പുരയിടങ്ങളിലെ പുല്ലും കാടും വെട്ടാനാകുന്ന സാങ്കേതിക പരിഹാരവുമായി എൻജിനിയറിങ് വിദ്യാർത്ഥികൾ രംഗത്ത്. എംബിറ്റ്സ് എൻജിനിയറിങ് കോളേജ് (നെല്ലിമറ്റം) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളാണ് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഗ്രാസ് കട്ടിംഗ് മെഷീൻ വികസിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി രൂപകല്പന ചെയ്ത ഉപകരണം പെട്രോൾ-ഡീസൽ അധിഷ്ഠിത യന്ത്രങ്ങളിലെ കാർബൺ പുറന്തള്ളലും ശബ്ദ മലിനീകരണവും ഒഴിവാക്കുന്നതാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ ശബ്ദരഹിതവും കൂടുതൽ കാര്യക്ഷമവുമായ പ്രവർത്തനമാണ് സംവിധാനത്തിന്റെ പ്രത്യേകത.
12 വോൾട്ട് വീതം രണ്ട് ബാറ്ററികളും 20 വോൾട്ട് ബാറ്ററിയും ചേർന്നാണ് യന്ത്രം പ്രവർത്തിക്കുന്നത്. അഞ്ച് മോട്ടോറുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംവിധാനത്തിൽ മൈക്രോ കൺട്രോളർ അധിഷ്ഠിത നിയന്ത്രണ സംവിധാനമാണ് പ്രവർത്തന ഏകോപനവും വൈദ്യുത കാര്യക്ഷമതയും ഉറപ്പാക്കുന്നത്.
അവസാന വർഷ വിദ്യാർത്ഥികളായ കാതറിൻ മറിയം പോൾ, ബേസിൽ ജോയ്, എ എസ് അൽഫാസ്, ജോസിയാ ജേക്കബ് എന്നിവർ ഡോ. തോമസ് ജോർജ്യുടെ മാർഗനിർദേശത്തിൽ ചേർന്നാണ് ഉപകരണം വികസിപ്പിച്ചത്.
ഏകദേശം 10 സെന്റ് വിസ്തൃതിയിലുള്ള സ്ഥലത്തെ പുല്ല് നീക്കം ചെയ്യാൻ 15 മിനിറ്റ് മാത്രം മതിയെന്നാണ് വിദ്യാർത്ഥികളുടെ അവകാശവാദം. കൃഷിയിടങ്ങളിലും വീടുകളുടെ പരിസരങ്ങളിലും ഉപയോഗപ്രദമാകുന്ന ഈ ഉപകരണം ഭാവിയിൽ കൂടുതൽ വികസിപ്പിച്ച് വ്യാപക ഉപയോഗത്തിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമെന്ന് സംഘാംഗങ്ങൾ അറിയിച്ചു.
English Summary
Engineering students from MBITS College, Kerala, have developed a remote-controlled grass cutting machine that operates without human intervention. The eco-friendly device runs on batteries, reducing noise and carbon emissions compared to conventional machines. It can clear grass in a 10-cent area within 15 minutes and is expected to be useful in farms and residential spaces.
kerala-engineering-students-remote-grass-cutter-eco-friendly-innovation
Kerala Innovation, Engineering Students, Grass Cutter Machine, Eco Friendly Technology, MBITS College, Student Project, Agriculture Technology, Kerala News, Tech Innovation, Green Technology









