പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം
കൊച്ചി: ധനകാര്യ വിദഗ്‌ദ്ധനും സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (CSES) സ്ഥാപക-സെക്രട്ടറിയും സീനിയർ ഫെല്ലോയുമായ കെ കെ കൃഷ്ണകുമാർ (56) അന്തരിച്ചു.
ഓടക്കാലി പനിച്ചയം കോളശ്ശേരി വീട്ടിൽ സ്വദേശിയായ കൃഷ്ണകുമാർ പൊതുധനകാര്യം, അധികാര വികേന്ദ്രീകരണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ മൂന്ന് പതിറ്റാണ്ടോളം സജീവമായി പ്രവർത്തിച്ചിരുന്നു. നിരവധി ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കൊച്ചി സർവകലാശാല സിണ്ടിക്കേറ്റ് അംഗമായും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് രൂപീകരിച്ച വിവിധ വിദഗ്ധ സമിതികളിലും പ്രവർത്തിച്ചു.
കേരളത്തിലും ലക്ഷദ്വീപിലും നടത്തിയ DLHS-RCH സർവേകൾ, ഗ്ലോബൽ അഡൾട്ട് ടൊബാക്കോ സർവേ, ഇന്ത്യ ഹ്യൂമൻ ഡെവലപ്മെന്റ് സർവേ എന്നിവയുൾപ്പെടെ നിരവധി പ്രധാന പഠനങ്ങളിൽ കൃഷ്ണകുമാർ നിർണായക പങ്ക് വഹിച്ചു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ പഠനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.
പ്രശസ്ത ധനകാര്യ വിദഗ്‌ദ്ധനായിരുന്ന ഡോ. കെ കെ ജോർജിനൊപ്പം നിരവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ജീജ (അധ്യാപിക, ഗവ. ഹയർ സെക്കന്ററി സ്കൂൾ, എടത്തല). മക്കൾ: മീനാക്ഷി, കമൽ കൃഷ്ണ. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് വീട്ടുവളപ്പിൽ നടക്കും.
English Summary
Economist and CSES founder-secretary K.K. Krishnakumar (56) passed away. He contributed significantly to public finance and governance research for over three decades.









