കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നതായി കേരള പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2020ൽ ഏകദേശം 8,700 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ഈ എണ്ണം വർഷംതോറും ഉയർന്നുകൊണ്ടിരുന്നു. 2021ൽ 9,500ൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തിയപ്പോൾ, 2022ൽ അത് 11,259 ആയി. 2023ൽ 11,760 കേസുകളായി ഉയർന്ന മിസ്സിംഗ് കേസുകളുടെ എണ്ണം 2024ൽ 11,897 ആയി ഉയർന്ന് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായി.
അതേസമയം, 2025ൽ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ആ വർഷം 11,139 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2026ൽ ഇതുവരെ 891 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് ചെയ്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസുകളാണ് കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
English Summary
The number of missing person cases in Kerala has been steadily increasing, with 11,897 cases reported in 2024—the highest in five years. Although there was a slight decline in 2025, the overall trend shows a rise compared to 2020.









