മനുഷ്യത്വം മരവിച്ച ക്രൂരത!
മുംബൈ: മോഷണം നടത്തിയെന്ന സംശയത്തിന്റെ പേരിൽ സ്വന്തം മക്കളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മഹാരാഷ്ട്രയിൽ ഞെട്ടൽ. പത്തും പതിനൊന്നും വയസുള്ള പെൺകുട്ടികളെ കൈകാലുകൾ കെട്ടി തലകീഴായി തൂക്കിയതിനെ തുടർന്ന് ഒരാൾ മരിച്ചു, മറ്റേ കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സാഗ്ലി പ്രദേശത്ത് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ദാദു ഹയ്ബത് യംനഗർ എന്ന പിതാവാണ് മക്കളായ സാനിക (10), അനുജ (11) എന്നിവരെ ഇരുമ്പ് കമ്പിയിൽ തലകീഴായി കെട്ടിത്തൂക്കിയത്. രാത്രി മുഴുവൻ വേദനയിൽ കുട്ടികൾ നിലവിളിച്ചും വെള്ളം ആവശ്യപ്പെട്ടും കരഞ്ഞിട്ടും ഇയാൾ കെട്ടഴിച്ചില്ലെന്നാണ് വിവരം.
അടുത്ത ദിവസം രാവിലെ ആറുമണിയോടെ കുട്ടികളുടെ മുത്തച്ഛൻ എത്തിയാണ് ഇരുവരെയും താഴെയിറക്കിയത്. അപ്പോഴേക്കും സാനിക മരിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന അനുജയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തു. അയൽവാസികൾ കുട്ടികളെ മോഷണത്തിൽ സംശയിച്ചതിനെ തുടർന്നാണ് താൻ ശിക്ഷിച്ചതെന്നായിരുന്നു ഇയാളുടെ വാദം.
സാനികയുടെ മൃതദേഹം രഹസ്യമായി സംസ്കരിക്കാൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. കൂടാതെ കുട്ടികളെ രക്ഷിച്ച മുത്തച്ഛനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും കേസിൽ പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
In Maharashtra, a father allegedly punished his two young daughters by hanging them upside down over theft suspicion. One child died while the other remains in critical condition. The accused has been taken into custody.









