കാത്തിരിപ്പിന് വിരാമം! ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്
മുംബൈ: ക്രിക്കറ്റിൽ റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുന്ന ബിഹാർ സ്വദേശിയായ വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള കാത്തിരിപ്പ് അവസാനത്തിലേക്ക്. മാർച്ച് 27ന് താരം 15ാം വയസ്സ് തികഞ്ഞതോടെ ഇനി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റത്തിന് വഴി തുറന്നിരിക്കുകയാണ്.
അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കുറഞ്ഞ പ്രായപരിധി 15 വയസായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നിശ്ചയിച്ചിരിക്കുന്നതിനാൽ ഇതുവരെ സീനിയർ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ആ തടസ്സം നീങ്ങിയിരിക്കുകയാണ്.
2025ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച വൈഭവ്, ഗുജറാത്ത് ടൈറ്റൻസ് എതിരായ മത്സരത്തിൽ വെറും 35 പന്തിൽ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും (14 വയസ്സ് 32 ദിവസം) ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമായും വൈഭവ് മാറി.
2026ലെ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 80 പന്തിൽ 175 റൺസ് നേടി ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ടൂർണമെന്റിലെ മികച്ച താരമായും അദ്ദേഹത്തെ തെരഞ്ഞെടുത്തു.
കൂടാതെ, ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും (14 വയസ്സ് 272 ദിവസം) വൈഭവിന്റെ പേരിലാണ്.
മാർച്ച് 28ന് ആരംഭിക്കുന്ന ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി വീണ്ടും കളത്തിലിറങ്ങുന്ന വൈഭവ്, മികച്ച പ്രകടനം തുടരുകയാണെങ്കിൽ ഇന്ത്യൻ സീനിയർ ടീമിൽ വൈകാതെ തന്നെ ഇടം നേടുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായാണ് ഈ യുവതാരം വിലയിരുത്തപ്പെടുന്നത്.
English Summary
Vaibhav Suryavanshi has turned 15, making him eligible to play international cricket as per ICC rules. The young prodigy, who has already broken multiple records in IPL and Under-19 cricket, is now expected to make his debut for the Indian senior team soon. He impressed with a 35-ball century in IPL 2025 and a match-winning 175 in the U-19 World Cup final.
vaibhav-suryavanshi-india-debut-age-15-icc-rule
Vaibhav Suryavanshi, Indian Cricket, IPL 2025, Rajasthan Royals, U19 World Cup, ICC Rules, Cricket News, India Team









