എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി തടസപ്പെടാതിരിക്കാനായി വിറക് അടുപ്പ് ഉപയോഗിക്കാൻ താൽക്കാലിക അനുമതി നൽകി. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഗ്യാസ് ലഭ്യമല്ലാത്ത സ്‌കൂളുകളിൽ ബദൽ മാർഗമായി വിറക് അടുപ്പുകൾ ഉപയോഗിക്കാം എന്നാണ് നിർദേശം. എന്നാൽ പാചകവാതക വിതരണം സാധാരണ നിലയിലാകുന്ന മുറയ്ക്ക് വിറക് അടുപ്പുകളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
സ്‌കൂളുകളിൽ വിറക് അടുപ്പ് ഉപയോഗിക്കുന്നത് മുൻപ് കര്‍ശനമായി നിരോധിച്ചിരുന്നെങ്കിലും നിലവിലെ പ്രതിസന്ധി പരിഗണിച്ചാണ് ഇളവ് നൽകിയത്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ നൂൺ ഫീഡിംഗ് സൂപ്പർവൈസർമാരുമായി നടത്തിയ ഓൺലൈൻ യോഗത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്.
ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടിയന്തിരമായി എല്ലാ സ്‌കൂളുകളിലും എത്തിക്കണമെന്ന് നൂൺ മീൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം പാചകവാതക ക്ഷാമം ഹോട്ടൽ മേഖലയെയും ബാധിച്ചിരിക്കുകയാണ്. കൊച്ചിയിലെ ജനകീയ ഭക്ഷണശാലയായ ‘സമൃദ്ധി’ ഹോട്ടലിലും പാചകം വിറക് അടുപ്പിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സാധാരണക്കാരായ ആളുകൾ കൂടുതലായി ആശ്രയിക്കുന്ന ഹോട്ടലായതിനാൽ പ്രവർത്തനം തടസപ്പെടാതിരിക്കാനാണ് ഈ തീരുമാനം. നിലവിൽ ലൈവ് വിഭവങ്ങളുടെ പാചകവും ചില സേവനങ്ങളും നിയന്ത്രിച്ചിരിക്കുകയാണ്.
English Summary
Due to the ongoing LPG shortage in Kerala, the government has temporarily allowed schools to use firewood stoves for cooking to ensure that the noon meal scheme continues without disruption.









