തന്നേക്കാൾ 16 വയസ്സ് പ്രായക്കുറവുള്ള സഹോദരിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രശ്മിക മന്ദാന
കൊച്ചി: വിവാഹത്തിന് മുന്നോടിയായി നടന്ന മെഹന്ദി ആഘോഷത്തിലെ ചിത്രങ്ങൾ പങ്കുവെച്ച് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി ആ വൈകുന്നേരത്തെ അവർ വിശേഷിപ്പിച്ചു.
ഫെബ്രുവരി 25ന് നടന്ന മെഹന്ദി ചടങ്ങിലെ ചിത്രങ്ങളോടൊപ്പം ആ ദിവസം തനിക്കെത്ര സവിശേഷമായിരുന്നുവെന്ന് വിജയ് ദേവരകൊണ്ട സോഷ്യൽ മീഡിയയിൽ കുറിച്ചു. “ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഘോഷിച്ച ഒരു സായാഹ്നം… പൂർണമായി ജീവിച്ചുതീർത്ത ഒരു സമയം. ഈ വൈകുന്നേരത്തിന് നൂറ് മണിക്കൂർ കൂടി ദൈർഘ്യമുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു,” എന്നാണ് അദ്ദേഹം കുറിച്ചത്.
രശ്മിക മന്ദാനയും അതേ സന്ധ്യയുടെ സന്തോഷം പങ്കുവെച്ചു. “25.02.26… പ്രധാനവും മെഹന്ദിയും നടന്ന സായാഹ്നം. എല്ലാം അത്രമേൽ മനോഹരമായിരുന്നു, സമയം പോയതറിഞ്ഞില്ല,” എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചടങ്ങിനായി വസ്ത്രങ്ങൾ ഒരുക്കിയ ഡിസൈനർ ബ്രാൻഡായ തൊറാണിക്ക് പ്രത്യേക നന്ദിയും രശ്മിക അറിയിച്ചു.
മെഹന്ദി ചിത്രങ്ങളിൽ രശ്മികയുടെ സഹോദരി ഷിമാൻ മന്ദാനയും ശ്രദ്ധേയമായി. തന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ സഹോദരിക്കൊപ്പമുള്ള ചിത്രം ആദ്യമായാണ് രശ്മിക പങ്കുവെക്കുന്നത്. തന്നെക്കാൾ 16 വയസ്സ് ചെറുപ്പമായ ഷിമാനെ മകളെ പോലെ തന്നെയാണ് കാണുന്നതെന്ന് രശ്മിക മുൻപ് പറഞ്ഞിട്ടുണ്ട്.
ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങായ മെഹന്ദി ആഘോഷത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. നിറങ്ങളാലും സംഗീതത്താലും സമ്പന്നമായ ഈ ആഘോഷത്തിൽ പരമ്പരാഗത തനിമയും ആധുനിക ശൈലിയുമൊത്ത് ചേർന്നിരുന്നു.
‘ഗീതാ ഗോവിന്ദം’, ‘ഡിയർ കൊമ്രേഡ്’ എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിക്കുന്നതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ താരവിവാഹങ്ങളിൽ ഒന്നായി ഇത് മാറുകയാണ്.
English Summary
Actors Vijay Deverakonda and Rashmika Mandanna shared photos from their mehendi ceremony held ahead of their wedding. Vijay described the evening as one of the happiest moments of his life, saying he wished the celebration had lasted longer. Rashmika also shared her emotions, calling the evening beautiful and unforgettable. The ceremony, held privately in Hyderabad with close friends and family, was filled with music and vibrant colors. Rashmika’s younger sister Shiman Mandanna also appeared in the photos, making a rare appearance from the wedding celebrations. The couple, loved by fans for their films Geetha Govindam and Dear Comrade, have made headlines with their much-awaited union.









