ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ; വികിരണ ഭീഷണി മുന്നറിയിപ്പ്
ടെഹ്റാൻ: രാജ്യത്തെ ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതായി ഇറാൻ ആരോപിച്ചു. ബുഷെഷർ ആണവ വൈദ്യുതി നിലയത്തെയും ടെഹ്റാൻ റിസർച്ച് റിയാക്ടറിനെയും ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് ഇറാന്റെ വാദം.
ആണവ വികിരണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകി.
എന്നാൽ ആണവ നിലയങ്ങൾ നേരിട്ട് ആക്രമിക്കപ്പെട്ടുവെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) അറിയിച്ചു.
നതാൻസിലെ ആണവ സമ്പുഷ്ടീകരണ സമുച്ചയമാണ് ലക്ഷ്യമാക്കിയതെന്നാണ് ഐഎഇഎയുടെ പ്രാഥമിക വിലയിരുത്തൽ. നിലവിൽ ആണവ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, സാഹചര്യം പൂർണമായി തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു.
ഇതിനിടെ, ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
130-ലേറെ നഗരങ്ങൾ ഭീതിയിലാണെന്നും ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി വ്യക്തമാക്കി.
ഇറാൻ നടത്തിയ തിരിച്ചടിയിൽ യുഎസ് യുദ്ധവിമാനങ്ങൾ തകർന്നതായി കുവൈത്ത് സ്ഥിരീകരിച്ചു. എഫ്-15 ഈഗിൾ യുദ്ധവിമാനം നിലംപൊത്തുന്ന ദൃശ്യങ്ങൾ ഇറാൻ മുമ്പ് പുറത്തുവിട്ടിരുന്നു.
വിമാനങ്ങളിലുണ്ടായിരുന്ന പൈലറ്റുമാർ സുരക്ഷിതരാണെന്നും റിപ്പോർട്ടുണ്ട്.
കുവൈത്ത് ഉൾപ്പെടെ ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ ഇറാൻ ആക്രമണം ശക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ഹിസ്ബുല്ലയും ഹൂതികളും ഇസ്രയേലിനെതിരെ ആക്രമണം നടത്തുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു.
English Summary
Iran has accused the United States of attacking its nuclear facilities, including the Bushehr Nuclear Power Plant and the Tehran Research Reactor, warning of potential radiation risks. However, the IAEA stated that there is no confirmed attack on nuclear power plants and that the Natanz enrichment facility was the likely target. No radiation leak has been reported so far. Meanwhile, joint US-Israel strikes reportedly killed 555 people in Iran. Iran has claimed retaliatory strikes, including the downing of US warplanes, with Kuwait confirming damage to military assets. Tensions continue to escalate across the Gulf region.









