തോക്കും പോയി, ടിക്കറ്റും പോയി; ഇനി ഒത്തുതീർപ്പ് കളി; ലോട്ടറി ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തെന്ന കേസിൽ വിചിത്രമായ വഴിത്തിരിവ്
കണ്ണൂർ ∙ പേരാവൂരിൽ ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തോക്കുചൂണ്ടി തട്ടിയെടുത്തെന്ന കേസിൽ വിചിത്രമായ വഴിത്തിരിവ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരും പ്രതികളും ചേർന്ന് ഹൈക്കോടതിയെ സമീപിച്ചു.
സമ്മാനത്തുക നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് ടിക്കറ്റ് സമർപ്പിക്കാൻ കേസ് റദ്ദാക്കാനുള്ള ശ്രമം നടക്കുന്നത്.
ഡിസംബർ 30ന് സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റ് അടിച്ചത് പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിനായിരുന്നു. കാറിലെത്തിയ സംഘം തോക്കുചൂണ്ടി ടിക്കറ്റ് തട്ടിയെടുത്തുവെന്നായിരുന്നു ആദ്യം പൊലീസിൽ നൽകിയ പരാതി.
എന്നാൽ അന്വേഷണം പുരോഗമിക്കുമ്പോൾ ടിക്കറ്റ് അനധികൃതമായി മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നതെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. പരാതിക്കാരും പ്രതികളും മുൻപരിചയമുള്ളവരാണെന്നും കണ്ടെത്തി.
കേസിൽ അറസ്റ്റിലായ ഷുഹൈബ് ഇപ്പോഴും ജയിലിലുണ്ട്. ഇയാളും മറ്റൊരു പ്രതിയായ ഫാരിസും ചേർന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പ്രശ്നമുണ്ടായതെന്നും പൊലീസ് ഇടപെടലാണ് വിഷയം സങ്കീർണമാക്കിയതെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരായ സാദിഖും വിജീഷും കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു.
ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സുഹൃത്തുക്കളോടൊപ്പം സ്വമേധയാ പോയതാണെന്നും വിജീഷ് മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും പരാതിക്കാർ പ്രതികളെ തിരിച്ചറിയാൻ തയ്യാറായില്ല. ബെംഗളൂരുവിൽ നിന്ന് പിടികൂടിയ ചിലരെ തിരിച്ചറിയാതിരുന്നതിനാൽ വിട്ടയക്കേണ്ടിവന്നതായും പൊലീസ് പറഞ്ഞു.
ഇതിനിടെ വാദിഭാഗവും പ്രതിഭാഗവും തമ്മിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണം. 90 ദിവസത്തിനകം വൈകിയാലും കാരണം ബോധിപ്പിക്കണം. എന്നാൽ ടിക്കറ്റ് തട്ടിയെടുത്തെന്ന കേസ് രജിസ്റ്റർ ചെയ്തതിനാൽ ഇനി കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ സമ്മാനം കൈപ്പറ്റാൻ കഴിയൂ.
പൊലീസ് ഇതുവരെ ടിക്കറ്റ് കണ്ടെത്തിയിട്ടില്ല.
English Summary:
In Kannur’s Peravoor, both the complainant and accused have approached the High Court to withdraw a case alleging that a ₹1 crore lottery ticket was robbed at gunpoint. Police investigation suggested the incident may have occurred during an illegal resale attempt, and the parties now want the case dropped so the ticket can be submitted before the claim deadline. The ticket is still missing. In Kannur’s Peravoor, both the complainant and accused have approached the High Court to withdraw a case alleging that a ₹1 crore lottery ticket was robbed at gunpoint.
kannur-lottery-ticket-case-withdrawal
Kannur, Lottery Case, Kerala Crime, High Court, Peravoor, Police Investigation









