സഞ്ജുവിനെ ഇറക്കിയില്ലെങ്കിൽ പണിയും പനിയും; ഒരു ഓപ്പണർക്ക് കൂടി പരുക്ക്
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിനിടെ ഇന്ത്യൻ ടീമിന് തിരിച്ചടി.
ഓപ്പണർ ഇഷാൻ കിഷന് പരിശീലനത്തിനിടെ പരുക്കേറ്റു. ബുധനാഴ്ച ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന നെറ്റ് പരിശീലനത്തിനിടെയാണ് പേസർ ജസ്പ്രീത് ബുംറ എറിഞ്ഞ പന്ത് ശരീരത്തിൽ തട്ടി ഇഷാൻ പരുക്കേറ്റത്.
വേദന സഹിക്കാനാകാതെ ഗ്രൗണ്ടിൽ കിടക്കുന്ന ഇഷാന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശങ്ക ഉയർന്നു. എന്നാൽ പരുക്കിന്റെ ഗുരുതരത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച താരങ്ങൾക്ക് ‘ഓപ്ഷണൽ’ പരിശീലനമായിരുന്നു അനുവദിച്ചിരുന്നത്. നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് ഇഷാൻ പരുക്കേറ്റത്.
ചികിത്സ തേടിയ ശേഷം കുറച്ചുനേരം കൂടി പരിശീലനം തുടർന്ന ഇഷാൻ പിന്നീട് ഡ്രസിങ് റൂമിലേക്ക് മടങ്ങി.
പരുക്ക് ഗുരുതരമല്ലെങ്കിൽ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷൻ തന്നെ ഓപ്പണറായി ഇറങ്ങുമെന്നാണ് ടീം വൃത്തങ്ങൾ അറിയിക്കുന്നത്.
വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ഇഷാൻ കിഷനും സഞ്ജു സാംസണും ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമെന്നാണ് വിവരം.
അതേസമയം, അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അഭിഷേക് ശർമ ആശുപത്രി വിട്ടെങ്കിലും താരത്തിന് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്.
ഈയാഴ്ച തന്നെ പാകിസ്ഥാനെതിരായ നിർണായക മത്സരം നടക്കാനിരിക്കെ, നമീബിയയ്‌ക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചേക്കില്ലെന്നാണ് സൂചന.
യുഎസിനെതിരായ മത്സരത്തിന് മുമ്പ് തന്നെ അഭിഷേകിന് വയറുവേദന ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മത്സരം കളിച്ചതിന് ശേഷം അവ രൂക്ഷമായതായും ടീം വൃത്തങ്ങൾ അറിയിച്ചു.
കടുത്ത പനിയെ തുടർന്ന് താരത്തിന് ഡ്രിപ്പ് നൽകിയിരുന്നു. ഇതുവരെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാനും അഭിഷേകിന് സാധിച്ചിട്ടില്ല.
യുഎസിനെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി പുറത്തായിരുന്നു. ബാറ്റിംഗ് കഴിഞ്ഞ് താരം ഫീൽഡിങ്ങിനിറങ്ങിയില്ല.
പകരം സഞ്ജു സാംസണാണ് ഫീൽഡറായി കളിച്ചത്. ഈ പശ്ചാത്തലത്തിലാണ് ന്യൂഡൽഹിയിൽ ഇഷാൻ കിഷനും സഞ്ജു സാംസണുമാണ് ഇന്ത്യയുടെ ഓപ്പണർമാരാകുമെന്ന പ്രതീക്ഷ നിലനിൽക്കുന്നത്.
English Summary
India opener Ishan Kishan suffered an injury during a practice session ahead of the T20 World Cup match against Namibia at the Arun Jaitley Stadium in New Delhi.
ishan-kishan-injured-during-practice-ahead-of-namibia-t20-world-cup-match
Ishan Kishan, Team India, T20 World Cup, Jasprit Bumrah, Sanju Samson, Abhishek Sharma, Arun Jaitley Stadium, India vs Namibia, cricket news, sports news









