ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഓൺലൈൻ കമ്പനികൾക്കെതിരെ നടപടി വേണം : എ എ റഹിം
ഡൽഹി: ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന ‘ഡാർക്ക് പാറ്റേണുകൾ’ സംബന്ധിച്ച് നടപടി ശക്തമാക്കണമെന്നും, ഇത്തരം രീതികൾ പ്രയോഗിച്ച കമ്പനികളുടെ പേരുകൾ പരസ്യമാക്കണമെന്നും എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.
രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രൽഹദ് ജോഷി നൽകിയ മറുപടിക്കു പിന്നാലെയാണ് എം.പി.യുടെ പ്രതികരണം.
വമ്പിച്ച വിലക്കുറവ്, “സ്റ്റോക്ക് ഉടൻ തീരും”, “ഓഫർ അവസാനിക്കാൻ പോകുന്നു” എന്നീ സന്ദേശങ്ങൾ വഴി ഉപഭോക്താക്കളിൽ കൃത്രിമ അടിയന്തരാവസ്ഥ സൃഷ്ടിച്ച് വാങ്ങൽ നിർബന്ധിതമാക്കുന്നതടക്കമുള്ള രീതികൾ വർധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതോടൊപ്പം, വിലയിലും സേവനങ്ങളിലും ഉപഭോക്താവിന് അറിവില്ലാതെ അധിക ചാർജുകൾ ഈടാക്കുന്നതും വ്യാപകമാണെന്ന് ആരോപിച്ചു.
ഫാൾസ് അർജൻസി, ബാസ്കറ്റ് സ്നീക്കിങ്, സബ്സ്ക്രിപ്ഷൻ ട്രാപ്പ്, ഡ്രിപ്പ് പ്രൈസിംഗ് എന്നിവ ഉൾപ്പെടെ 13ഓളം ഡാർക്ക് പാറ്റേണുകൾ ഉപഭോക്താക്കളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എം.പി. പറഞ്ഞു.
ഇത് സംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) 42 ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, ഏത് പ്ലാറ്റ്ഫോമുകളാണെന്നോ അവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തെന്നോ മന്ത്രി വ്യക്തമാക്കിയിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് അന്യായ ലാഭം കൊയ്യുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഡാർക്ക് പാറ്റേണുകൾ ഉപയോഗിച്ച സ്ഥാപനങ്ങളുടെയും അവർക്കെതിരെ എടുത്ത ശിക്ഷാനടപടികളുടെയും വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു.
ആഭ്യന്തര-വിദേശ കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന സമീപനം അവസാനിപ്പിച്ച് ഉപഭോക്തൃ സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
MP A.A. Rahim has demanded that the names of online platforms using “dark patterns” to mislead consumers be made public. Speaking after a response in the Rajya Sabha by Union Minister Pralhad Joshi, Rahim highlighted deceptive tactics such as false urgency, basket sneaking, subscription traps, and drip pricing. He urged strict action against companies exploiting consumers and called for transparency regarding the 42 platforms reportedly issued notices by the CCPA.
aa-rahim-dark-patterns-online-platforms-ccpa-action-demand
AA Rahim, Dark Patterns, Online Shopping, CCPA, Consumer Protection, Rajya Sabha, Pralhad Joshi, E-commerce, India News









