മൂന്നാർ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയതായി പരാതി
മൂന്നാർ: പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിൽ ഓട്ടോ ഡ്രൈവർ പണം തട്ടിയതായി പരാതി. മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാറാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
മൂന്നാർ പോസ്റ്റ് ഓഫീസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർക്കെതിരെയാണ് പരാതി. മൂന്നാർ സ്വദേശിയായ ശരവണനിൽ നിന്നാണ് ഇയാൾ പണം തട്ടിയെടുത്തത്.
കഴിഞ്ഞദിവസം ഉപയോഗശൂന്യമായ പൂമാലകൾ ശരവണൻ മുതിരപ്പുഴയാറിന്റെ സമീപത്ത് ഉപേക്ഷിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ ഡ്രൈവർ ശരവണനെ ചോദ്യം ചെയ്തു.
ഇതിനുശേഷം പഞ്ചായത്തിൽ അറിയിക്കുമെന്നും അരലക്ഷം രൂപ പിഴയടയ്ക്കേണ്ടി വരുമെന്നും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു.
തനിക്ക് പഞ്ചായത്ത് പ്രസിഡന്റിനെ നേരിട്ട് അറിയാമെന്നും 5000 രൂപ നൽകിയാൽ നടപടികൾ ഒഴിവാക്കാമെന്നും ഇയാൾ പറഞ്ഞു.
ശരവണൻ പണം നൽകാൻ തയ്യാറാകാതെ വന്നപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തി 5000 രൂപ തട്ടിയെടുത്തു. പ്രസിഡന്റിന്റെ പേരിൽ പണം തട്ടിയെടുത്തതായി ശരവണൻ പഞ്ചായത്തിൽ പരാതി നൽകി.
ഇതോടെയാണ് പ്രസിഡന്റ് മൂന്നാർ പോലീസിൽ പരാതി നൽകിയത്. പണം തട്ടിയെടുത്ത ഓട്ടോ ഡ്രൈവറെ കണ്ടാൽ തിരിച്ചറിയാമെന്ന് ശരവണൻ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്തു.









