നടിയെ അക്രമിച്ച കേസ്:മെമ്മറി കാർഡ് തുറന്ന 2 പേർക്കെതിരെ നടപടി വന്നേക്കും
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകാൻ സാധ്യത.
എറണാകുളം ജില്ലാ ജുഡീഷ്യറിയിലെ ജീവനക്കാരനായ മഹേഷ് മോഹനും, ശിരസ്തദാർ പദവിയിൽ നിന്ന് വിരമിച്ച താജുദ്ദീനും എതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
നടി ആക്രമണക്കേസ് മുൻപ് പരിഗണിച്ചിരുന്ന സെഷൻസ് ജഡ്ജിയുടെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു മഹേഷ് മോഹൻ. താജുദ്ദീൻ സി.ബി.ഐ കോടതിയിലെ മുൻ ശിരസ്തദാറാണ്.
മെമ്മറി കാർഡ് വിഷയത്തിൽ വിചാരണക്കോടതി ജഡ്ജിയായ ഹണി എം. വർഗീസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജുഡീഷ്യറി കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, ആരോപണവിധേയരായ ഇരുവരിൽ നിന്നുമുള്ള വിശദീകരണം തേടുന്ന നടപടികൾ തുടരുകയുമാണ്.
നിലവിൽ അന്വേഷണ ചുമതലയുള്ള ജില്ലാ ജഡ്ജി വി.പി.എം. സുരേഷ് ബാബു ഇന്ന് വീണ്ടും ഇരുവരുടെയും ഭാഗം കേൾക്കും.
ഫോറൻസിക് ലാബിലെ പരിശോധനയിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയത്.
2018 ഡിസംബർ 13, 2019 ജനുവരി 9, 2021 ജൂലൈ 19 എന്നീ തീയതികളിലാണ് മെമ്മറി കാർഡ് തുറന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ദൃശ്യങ്ങളിൽ യാതൊരു വ്യതിയാനവും സംഭവിച്ചിട്ടില്ലെന്ന് വിചാരണക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
മഹേഷ് മോഹൻ പരിശോധനയ്ക്കായി മെമ്മറി കാർഡ് വീട്ടിലേക്ക് കൊണ്ടുപോയതായും, ജഡ്ജിയുടെ അനുമതിയോടെയായിരുന്നു അതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
താജുദ്ദീൻ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പരിശോധിച്ചതെന്നും, ആ ഫോൺ പിന്നീട് ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി.
അതേസമയം, മെമ്മറി കാർഡ് പരിശോധിച്ചതായി കണ്ടെത്തിയ അങ്കമാലി മുൻ മജിസ്ട്രേറ്റ് ലീന റഷീദിനെതിരെ കേസ് നടപടികളുടെ ഭാഗമായി പരിശോധന നടത്തിയതാണെന്ന് വ്യക്തമായതിനാൽ നോട്ടീസ് നൽകിയിട്ടില്ല.
ശിരസ്തദാർ പദവിക്ക് താഴെയുള്ള ജീവനക്കാരുടെ കാര്യത്തിൽ ജില്ലാ ജുഡീഷ്യറിയും, അതിന് മുകളിലുള്ളവരുടെ കാര്യത്തിൽ ഹൈക്കോടതിയുമാണ് അച്ചടക്ക നടപടി ശുപാർശ ചെയ്യുക.
അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. കുറ്റം തെളിഞ്ഞാൽ ഇൻക്രിമെന്റ് തടയൽ മുതൽ പിരിച്ചുവിടൽ വരെ ശിക്ഷ ലഭിക്കാം. വിരമിച്ച താജുദ്ദീന്റെ പെൻഷൻ ആനുകൂല്യങ്ങൾ നിലവിൽ തടഞ്ഞുവച്ചിരിക്കുകയാണ്.
English Summary:
Disciplinary action may be initiated against two judicial officials for allegedly illegally accessing the memory card evidence in the actress assault case. An internal inquiry revealed changes in the hash value of the memory card, though the visuals remained unaltered. If charges are proven, penalties ranging from increment withholding to dismissal may be imposed, while pension benefits of the retired official have already been withheld.
actress-assault-case-memory-card-illegal-access-disciplinary-action
Actress Assault Case, Memory Card Evidence, Kerala Judiciary, Ernakulam District Court, Disciplinary Action, Forensic Report, High Court Kerala, Judicial Inquiry









