പള്ളിമണി മുഴക്കാൻ ഇനി നാസറില്ല; മതമൈത്രിയുടെ മണിനാദം നിലച്ചു
തൊടുപുഴ: മതസൗഹാർദ്ദത്തിന്റെ ജീവനുള്ള ഉദാഹരണമായിരുന്ന ഉണ്ടപ്ലാവ് കിഴക്കുംപറമ്പ് നാസർ (60) അന്തരിച്ചു.
തൊടുപുഴ സെയിന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സേവനം അനുഷ്ഠിച്ചിരുന്ന നാസർ, പ്രദേശത്തെ മതമൈത്രിയുടെ ശക്തമായ പ്രതീകമായിരുന്നു.
തൊടുപുഴ മാർക്കറ്റിൽ പച്ചക്കറി വ്യാപാരിയായിരുന്ന കാലത്താണ് നാസർ പള്ളിയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത്.
മാർക്കറ്റിലെ ചെറിയ കുരിശുപള്ളി ശുചീകരിച്ച് തുടങ്ങിയ സേവനം പിന്നീട് ബസ് സ്റ്റാൻഡിനു മുകളിലെ പ്രധാന പള്ളിയിലേക്കും വ്യാപിച്ചു.
അദ്ദേഹത്തിന്റെ ആത്മാർത്ഥത തിരിച്ചറിഞ്ഞ പള്ളി അധികൃതർ നാസറിനെ ഔദ്യോഗികമായി സേവനത്തിലേക്ക് ഉൾപ്പെടുത്തി.
ദിവസേന പുലർച്ചെ അഞ്ചിന് പള്ളിമണി മുഴക്കുന്നതും വിളക്ക് തെളിക്കുന്നതും നാസറുടെ ദിനചര്യയായിരുന്നു.
അഞ്ച് നേരം നിസ്കാരവും വ്രതാനുഷ്ഠാനവും പാലിച്ചിരുന്ന വിശ്വാസിയായിരുന്നെങ്കിലും, ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ ആഘോഷങ്ങളിൽ പള്ളിയിലെ എല്ലാ ഒരുക്കങ്ങൾക്കും മുൻപന്തിയിലുണ്ടായിരുന്നു.
പുൽക്കൂട് നിർമ്മാണം മുതൽ പടക്കം വാങ്ങൽ വരെ, കൽവിളക്കും സെമിത്തേരിയും ശുചീകരിക്കുന്നതടക്കം പള്ളിയുടെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന നാസർ, ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ചികിത്സാചെലവുകൾ പൂർണ്ണമായും പള്ളി അധികൃതരാണ് വഹിച്ചത്. കാരിക്കോട് പള്ളിയിൽ നടന്ന കബറടക്കച്ചടങ്ങിൽ വികാരി ഫാ. അബി ഉലഹന്നാൻ അടക്കം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഭാര്യ: ഷാഹിന
മക്കൾ: ബീമ, ബാദുഷ, ബാസിം
English Summary
Nasar (60), a symbol of communal harmony in Thodupuzha, passed away following a heart attack. He had served at St. Mary’s Jacobite Syrian Church for over 30 years, managing daily church activities with dedication.
thodupuzha-nasar-communal-harmony-symbol-passes-away
Thodupuzha, Communal Harmony, Religious Unity, Kerala News, Human Interest, Obituary









