ഏലത്തോട്ടങ്ങളിൽ വെള്ളമുണ്ടെങ്കിലും ജലസേചനത്തിന് കഴിയുന്നില്ല
ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന ആവശ്യവുമായി കർഷകർ. മുൻ വർഷങ്ങളിൽ വോൾട്ടേജ് ക്ഷാമം മൂലം ജലസേചനം നടത്താൻ കഴിയാതെ വിളകൾ കരിഞ്ഞു പോയിരുന്നു.
പതിവിൽ നിന്നും വിപരീതമായി ഇത്തവണ ഒരു മാസം മുൻപേ വോൾട്ടേജ് ക്ഷാമം അനുഭവപ്പെട്ടത് കർഷകരെ വീണ്ടും ഭീതിയിലാഴ്ത്തി.
വേനൽ തുടങ്ങിയ സമയത്ത് തന്നെ കാർഷിക വിളകൾക്കു ജലസേചനം നടത്തുന്നതിന് വൈദ്യുതി വോൾട്ടേജ് ക്ഷാമം മൂലം കഴിയുന്നില്ല.
ജലസേചനം കാര്യക്ഷമമായില്ലെങ്കിൽ ഏലം ഉൾപ്പെടെയുള്ള കൃഷികൾ ഉണങ്ങി നശിക്കും. പകൽ സമയത്ത് ഉൾപ്പെടെ ലൈനിൽ 70 വോൾട്ടിൽ താഴെയാണ് വോൾട്ടേജ് ഉള്ളത്.
ആറു വർഷം മുൻപ് പ്രദേശവാസികൾ പല തവണ കെഎസഇബിയിൽ പരാതികൾ നൽകി. പരിഹാരം കാണാതെ വന്നതോടെ കഴിഞ്ഞ തവണ നടന്ന നവ കേരള സദസ്സിലും പരാതി നൽകിയിരുന്നു.
എന്നാൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കപ്പെട്ടില്ല. വോൾട്ടേജ്ക്ഷാമം രൂക്ഷമായതോടെ കർഷകരിൽ പലരും ജനറേറ്റർ ദിവസ വാടകയ്ക്ക് എടുത്ത് കാർഷിക വിളകൾക്ക് ജലസേചനം നടത്തുകയാണ്.
കുഴൽകിണറുകളിൽ നിന്നും ആഴമേറിയ കിണറുകളിൽ നിന്നും കുടിവെള്ളം പമ്പ് ചെയ്യാൻ പറ്റാതായതോടെ കുടിവെള്ളവും വിലയ്ക്ക വാങ്ങേണ്ട അവസ്ഥയാണ് . ഇത് കർഷകർക്ക് ഏറെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്.
കൂടാതെ കൃഷിഭൂമിയിൽ കൂടി 50 വർഷങ്ങൾക്കു മുമ്പ് വലിച്ചിരിക്കുന്ന ലൈനുകൾ നിലവിൽ അപകടകരമായ അവസ്ഥയിലാണ്.
ഇതിലൂടെ കാർഷിക മേഖലയിൽ തീപിടുത്ത സാധ്യതയും ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുകയും ചെയ്യുന്നു. മരച്ചില്ലകൾ വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞു കിടക്കുന്നത് നിലവിൽ വോൾട്ടേജ് നഷ്ടത്തിനും മഴക്കാലത്ത് വൈദ്യുതി തടസത്തിനും കാരണമാകുന്നു.
കെ.എസ്.ഇ.ബി. പ്രദേശത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ പവർ കൂടിയ പമ്പും , എ.സി.യും തുടർച്ചയായി ഉപയോഗിക്കുമ്പോൾ ലോഡ് കൂടുതലാണെന്നും വൈദ്യുത വാഹനങ്ങൾ ഉൾപ്പെടെ റീചാർജ് ചെയ്യുന്നതും വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർധിച്ചത് വോൾട്ടേജ് ക്ഷാമത്തിന് കാരണമായെന്നുമാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.
2024 ലെ ഉഷ്ണ തരംഗത്തിൽ ഒട്ടേറെ കർഷകരുടെ ഏലച്ചെടിയാണ് ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ കരിഞ്ഞു നശിച്ചത്.
അന്ന് കടുത്ത വേനലിൽ പടുതാക്കുളങ്ങളും കുഴൽക്കിണറുകളും പോലും വറ്റിയതോടെ ജലസേചനത്തിന് മാർഗമില്ലാതെ കർഷകരിൽപലരും നട്ടം തിരിഞ്ഞു.
മേയ് അവസാനം മഴ ലഭിച്ചെങ്കിലും അപ്പോഴേക്കും ഹൈറേഞ്ചിൽ വൻ തോതിൽ ഏലച്ചെടികൾ ഉണങ്ങി നശിച്ചിരുന്നു. മികച്ച ജലസേചന സൗകര്യമുള്ള വൻകിട തോട്ടങ്ങളിൽ പോലും ഭാഗികമായി ഏലച്ചെടികൾ നശിച്ചു.
പുതിയ ചെടികൾ വെച്ചുപിടിപ്പിക്കാൻ പോയ കർഷകർക്കാവട്ടെ ഏലത്തട്ടയുടെ വില ഉയർന്നതും തിരിച്ചടിയായി.









