‘ആട് 3’ ഷൂട്ടിംഗിനിടെ പരിക്ക്; നടൻ വിനായകൻ ആശുപത്രിയിൽ, ആറാഴ്ച വിശ്രമം നിർദ്ദേശം
കൊച്ചി: ‘ആട് 3’ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ പരിക്കേറ്റ നടൻ വിനായകൻ ചികിത്സയിൽ.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന വിനായകന് ഡോക്ടർമാർ ആറാഴ്ചത്തെ പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
സംഘട്ടന രംഗത്തിനിടെ പരിക്ക്
ദിവസങ്ങൾക്ക് മുൻപ് തിരിച്ചെന്തൂരിൽ നടന്ന ‘ആട് 3’യുടെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് വിനായകന് പരുക്കേറ്റത്.
ജീപ്പ് ഉൾപ്പെടുന്ന ആക്ഷൻ സീനിനിടയിൽ വിനായകന്‍റെ പേശികൾക്ക് ക്ഷതമേറ്റതായി റിപ്പോർട്ടുണ്ട്.
പരിക്ക് രൂക്ഷമായതിനെ തുടർന്ന് ശനിയാഴ്ചയാണ് അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
എംആർഐയിൽ ഗുരുതര ക്ഷതം
ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനകൾക്ക് പിന്നാലെ എംആർഐ സ്കാനിൽ പേശികൾക്ക് സാരമായ ക്ഷതമുണ്ടെന്ന് സ്ഥിരീകരിച്ചു.
ഇതോടെയാണ് തുടർചികിത്സയ്ക്കൊപ്പം ദീർഘകാല വിശ്രമം അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്.
2026 ഈദിന് ‘ആട് 3’ റിലീസ്
മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആട് 3’ ഒരു ബിഗ് ബഡ്ജറ്റ് എപിക് ഫാന്‍റസി ചിത്രമാണ്.
2026 മാർച്ച് 19-ന് ഈദ് റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയോടൊപ്പം വിജയ് ബാബുവിന്‍റെ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിക്കുന്നത്.
വമ്പൻ താരനിരയും സാങ്കേതിക മികവും
‘ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമുള്ള ഫ്രാഞ്ചൈസി ഭാഗമാണ് ‘ആട് 3’.
ജയസൂര്യ, വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടുന്ന വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.
പ്രധാന സാങ്കേതിക സംഘം:
ഛായാഗ്രഹണം – അഖിൽ ജോർജ് | സംഗീതം – ഷാൻ റഹ്മാൻ | എഡിറ്റർ – ലിജോ പോൾ | എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു | വി.എഫ്.എക്‌സ് – ജിഷ്ണു ആർ ദേവ് | പ്രൊഡക്ഷൻ ഡിസൈൻ – അനീസ് നാടോടി | മേക്കപ്പ് – റോണെക്സ് സേവ്യർ | കോസ്റ്റ്യൂം – സ്റ്റെഫി സേവ്യർ | വാർത്താ പ്രചാരണം – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
English Summary:
Actor Vinayakan sustained a muscle injury during the shooting of Aadu 3 while filming an action sequence involving a jeep. He is currently undergoing treatment at a private hospital in Kochi, where doctors have advised six weeks of rest. Directed by Midhun Manuel Thomas, Aadu 3 is a big-budget fantasy film slated for a global Eid release on March 19, 2026.








