റാന്നിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി
കടുവാ ഭീതിയിൽ മാസങ്ങളായി വലഞ്ഞിരുന്ന റാന്നി വടശ്ശേരിക്കര പഞ്ചായത്തിലെ കുമ്പളത്താമണ്ണ് പ്രദേശവാസികൾക്ക് ഒടുവിൽ ആശ്വാസം.
കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നാടിനെ ഭീതിയിലാഴ്ത്തിയിരുന്ന കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി.
ഇന്ന് രാവിലെ വനാതിര്‍ത്തിയിൽ സ്ഥാപിച്ച കൂട്ടിനകത്ത് കടുവയെ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
കൂടിൽ കുടുങ്ങിയ കടുവ അതീവ അവശനിലയിലാണെന്നും, ഒരു കണ്ണിന് കാഴ്ച കുറവുണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.
വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചുവരികയാണ്. ജനവാസ മേഖലയിൽ ആവർത്തിച്ചുള്ള സാന്നിധ്യവും ഇരകളെ പിടിക്കുന്നതും പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
ഇന്നലെ വൈകിട്ട് മേയാൻ വിട്ടിരുന്ന ഒരു ആടിനെ കടുവ പിടികൂടിയിരുന്നു. പിന്നീട് ആടിന്റെ ജഡം കൂടിന് സമീപത്തുനിന്ന് കണ്ടെത്തി.
റാന്നിയെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി
ഈ ജഡം bait ആയി കൂട്ടിനകത്ത് വച്ചതോടെയാണ് കടുവ ഭക്ഷണം തേടി എത്തിയതും, ഒടുവിൽ കൂട്ടിൽ കുടുങ്ങിയതും.
ഏറെക്കാലമായി നടത്തിയ നിരീക്ഷണത്തിന്റെയും ശ്രമങ്ങളുടെയും ഫലമായാണ് കടുവയെ പിടികൂടാൻ സാധിച്ചതെന്ന് വനം വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 9-നാണ് കുമ്പളത്താമണ്ണിലെ ഒരു വീടിന് സമീപം കടുവയെ നാട്ടുകാർ കണ്ടത്. ഇതിന് പിന്നാലെ വളർത്തു നായയെ കടുവ പിടികൂടുകയും, നായയെ കൊന്ന് ശരീരത്തിന്റെ ഒരു ഭാഗം ഭക്ഷിച്ച ശേഷം കടുവ കാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
ഇതോടെ പ്രദേശത്ത് ഭീതി ഇരട്ടിയായി. രാത്രി മാത്രമല്ല, പകൽ സമയത്തും പുറത്തിറങ്ങാൻ നാട്ടുകാർ ഭയപ്പെട്ട അവസ്ഥയായിരുന്നു.
ഒക്ടോബർ മാസത്തിൽ ജനവാസ മേഖലയോട് ചേർന്ന പാടത്ത് മേയാൻ വിട്ടിരുന്ന ഒരു പോത്തിനെയും കടുവ പിടിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കി.
ക്യാമറ ദൃശ്യങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ ഒക്ടോബർ 28-നാണ് വനാതിര്‍ത്തിയിൽ കൂട് സ്ഥാപിച്ചത്. പോത്തിന്റെ ശേഷിച്ച ഭാഗങ്ങൾ ഉപയോഗിച്ചെങ്കിലും അന്ന് കടുവ കുടുങ്ങിയിരുന്നില്ല.









