നാലുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്തി പൊലീസ്
കൊച്ചി: ഫോർട്ട് കൊച്ചിയിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥയുടെ സൺഗ്ലാസ് മോഷണം പോയ സംഭവം നാല് മണിക്കൂറിനുള്ളിൽ തെളിയിച്ച് പോലീസ്.
എയർഫോഴ്‌സ് സ്ക്വാഡ്രൺ ലീഡർ ഷെറിൻ കുര്യാക്കോസിന്റെ റേയ്ബാൻ സൺഗ്ലാസ് ആണ് ഫോർട്ട് കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ നിന്ന് മോഷണം പോയത്.
ആലുവ സ്വദേശിനിയും എയർഫോഴ്‌സ് പൈലറ്റുമായ ഷെറിൻ നവംബർ 5-ന് ഉച്ചയ്ക്ക് ബന്ധുക്കളോടൊപ്പം റസ്റ്റോറന്റിലെത്തിയപ്പോഴാണ് മേശപ്പുറത്ത് വെച്ചിരുന്ന സൺഗ്ലാസ് കാണാതായത്.
വൈകിട്ട് ആറിന് ഷെറിൻ ഫോർട്ട് കൊച്ചി പൊലീസിൽ പരാതി നൽകി. ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെയും എസ്.ഐ. അഞ്ജനയുടെയും നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിച്ചു.
ആദ്യം ലഭിച്ചത് മങ്ങിയ സിസിടിവി ദൃശ്യങ്ങളായിരുന്നു. വിനോദസഞ്ചാരികളുടെ സംഘത്തോടൊപ്പം എത്തിയ യുവാവ് ശുചിമുറി ഉപയോഗിക്കാനെന്ന പേരിലാണ് റസ്റ്റോറന്റിൽ കടന്നതെന്ന് പൊലീസ് കണ്ടെത്തി.
സമീപത്തുള്ള ക്യാമറകളിൽ നിന്നു ലഭിച്ച വാനിന്റെ നമ്പർ വഴിയാണ് അന്വേഷണം പുരോഗമിച്ചത്.
വാനിന്റെ ഡ്രൈവർ മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ, പൊലീസ് ട്രേസിംഗ് നടത്തിയ ശേഷം തൃശൂരിലെ കൊടകരയിൽ വാഹനം തടഞ്ഞു പ്രതിയെ കസ്റ്റഡിയിലെടുത്തു.
ആന്ധ്രാപ്രദേശ് സ്വദേശിയായ ബി.ടെക് വിദ്യാർത്ഥിയാണ് പ്രതി. സൺഗ്ലാസ് പിടിച്ചെടുത്തതിനെ തുടർന്ന്, എയർഫോഴ്‌സ് ഉദ്യോഗസ്ഥയുടെ നിർദേശപ്രകാരം പ്രതിയുടെ ഭാവി കണക്കിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാതെയായിരുന്നു പൊലീസ് നടപടികൾ അവസാനിപ്പിച്ചത്.
English Summary:
Kerala Police recovered an Air Force officer’s stolen Ray-Ban sunglasses within four hours of the theft in Fort Kochi. The sunglasses belonged to Squadron Leader Sherin Kuriakose, an Air Force pilot from Aluva. The theft occurred on November 5 at a restaurant when she briefly left the sunglasses on the table.
After examining CCTV footage, police traced the suspect — a B.Tech student from Andhra Pradesh — through a van captured on nearby cameras. The vehicle was intercepted 62 km away in Kodungallur, and the stolen sunglasses were recovered. Considering the student’s future, Sherin chose not to press charges, and he was released after recovery of the item.









