ഉരുൾ തകർത്ത പാടം തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കി
ഇടുക്കി പന്നിമറ്റത്ത് പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഉരുൾ തകർത്ത പാടം തൊഴിലുറപ്പ് പദ്ധതിയിലൂടെ കൃഷിയോഗ്യമാക്കി. രണ്ടര ഏക്കർ സ്ഥലമാണ് ഇത്തരത്തിൽ വീണ്ടെടുത്തത്.
വെള്ളിയാമറ്റം പഞ്ചായത്ത് നടപ്പിലാക്കുന്ന സമൃദ്ധ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഉരുൾ പൊട്ടിയയിടംകൃഷി യോഗ്യമാക്കി വിത്തെറിഞ്ഞത്. മേത്തൊട്ടി ശരംകുത്തിയിലെ പുനർജ്ജനി കൃഷിക്കൂട്ടമാണ് ഇവിടം കൃഷിയോഗ്യമാക്കിയത്.
ഇതിൽ നാൽപത് സെന്റ് സ്ഥലത്താണ് നെൽകൃഷി പുനരാരംഭിച്ചത്. ശേഷിക്കുന്ന നിലത്ത് കിഴങ്ങ് വിളകളും, പച്ചക്കറിയും, തണ്ണിമത്തനും, സൂര്യകാന്തിയും ഉൾപ്പെടെ ഇരുപത്തിയഞ്ചിൽപ്പരം വിളകൾ നടും.
പാടത്ത് നടന്ന വിത ഉത്സവം ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം. ജെ. ജേക്കബ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമിതോമസ് കാവാലം, പഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് പുതുശ്ശേരിഎന്നിവർ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി ചന്ദ്രശേഖരൻ പഞ്ചായത്തംഗങ്ങളായ രേഖ പുഷ്പരാജൻ, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.









