യുകെയിൽ മലയാളി നഴ്സ് അന്തരിച്ചു; സ്വപ്‌നങ്ങളുമായി യുകെയിലെത്തി കെയററായി ജോലി ചെയ്തത് അഞ്ചേ അഞ്ചു മാസം
ലണ്ടൻ: അനീമിയ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ യുകെയിൽ മലയാളി യുവതി അന്തരിച്ചു.
ലെസ്റ്ററിലെ ഒരു സ്വകാര്യ കെയർ ഹോമിൽ സീനിയർ കെയറർ ആയി ജോലി ചെയ്തിരുന്ന ബ്ലെസി സാംസൺ (48) ആണ് മരിച്ചത്.
മധ്യപ്രദേശിലെ ഇൻഡോറിൽ കുടുംബത്തോടെ താമസിച്ചിരുന്ന ബ്ലെസി നാട്ടിൽ നഴ്സായാണ് ജോലി ചെയ്യുന്നതിനിടെയാണ് 2023 മാർച്ചിൽ കെയറർ വീസയിൽ ലെസ്റ്ററിലെത്തിയത്.
ഇവിടെ എത്തിയ ശേഷം ഏകദേശം അഞ്ച് മാസത്തോളം മാത്രമാണ് സ്ഥിരമായി ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. തുടർന്ന് അനീമിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.
അയർലണ്ടിൽ മലയാളി നേഴ്‌സിന് ദാരുണാന്ത്യം; വിടപറഞ്ഞത് തൊടുപുഴ സ്വദേശിനി; വേദനയിൽ ഐറിഷ് മലയാളി സമൂഹം
ബ്ലെസിയുടെ ഭർത്താവ് ഇൻഡോർ സ്വദേശി സാംസൺ ജോൺ ആണ്. മകൾ അനന്യ (17), ജൊവാന (12) എന്നിവരാണ്. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ബ്ലെസിയുടെ മാതാപിതാക്കൾ ഇപ്പോൾ നാട്ടിലാണുള്ളത്. തിരുവല്ല പേഴുംപാറയിലാണ് കുടുംബാംഗങ്ങൾ താമസിക്കുന്നത്.
മരണശേഷം മൃതദേഹം നാട്ടിലെത്തിച്ച് മാതാപിതാക്കൾക്ക് അവസാനമായി ദർശിക്കുവാനുള്ള അവസരം ഒരുക്കണമെന്നതാണ് ഭർത്താവ് സാംസണിന്റെയും മക്കളുടെയും വലിയ ആഗ്രഹം.
ഇതിനായി യുകെയിലെ മലയാളി സമൂഹത്തിന്റെ സഹായം അഭ്യർഥിച്ചിരിക്കുകയാണ് കുടുംബം.
ലെസ്റ്റർ കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് അജീഷ് കൃഷ്ണനും സെക്രട്ടറി സ്മൃതി രാജീവും അറിയിച്ച പോലെ, ബ്ലെസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും കമ്മ്യൂണിറ്റിയാണ് മുൻകൈ എടുക്കുന്നത്. ഇതിനായി ചാരിറ്റി സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണവും ആരംഭിച്ചു.
എല്ലാ ക്രമീകരണങ്ങളും പൂർത്തിയാകുന്നതോടെ ബ്ലെസിയുടെ മൃതദേഹം അധികം വൈകാതെ തന്നെ നാട്ടിലെത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു.
മികച്ച ജീവിത സാഹചര്യങ്ങൾ തേടി യുകെയിലേക്ക് എത്തിയ കുടുംബത്തിന്റെ ജീവിതം ദുരന്തമായി മാറിയതിൽ ബ്ലെസിയുടെ ബന്ധുക്കളും സഹപ്രവർത്തകരും അതിയായ ദുഃഖത്തിലാണ്.









