ജ്യോതിഷത്തിലെ ഒൻപത് ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒൻപത് രത്‌നങ്ങളെയാണ് നവരത്നങ്ങൾ എന്ന് വിളിക്കുന്നത്. ഇവ ധരിക്കുന്നതു വഴി ഐശ്വര്യയും സമൃദ്ധിയും സമ്പത്തും കൈവരുമെന്നാണ് വിശ്വാസം. എന്നാൽ നവരത്നങ്ങളിൽ ഏതെങ്കിലും ഒന്ന് ധരിച്ചാൽ മതിയെന്ന ധാരണയിൽ ആണെങ്കിൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഓരോ നക്ഷത്രക്കാർക്കും ധരിക്കേണ്ട രത്‌നങ്ങൾ വ്യത്യസ്തമാണ്. അതുപോലെ നവ രത്‌നങ്ങൾ ഒരുമിച്ച് ധരിക്കുമ്പോൾ ഓരോ രത്നം വെക്കുന്നതിനും ഓരോ സ്ഥാനമുണ്ട്. നവരത്നങ്ങൾ ഏതൊക്കെയെന്നും അവയുടെ സ്ഥാനവും പരിശോധിക്കാം.
മരതകം (Emarald)
വിദ്യാകാരനായ ബുധന്റെ രത്നമാണ് മരതകം. ശരീരത്തിലെ നാഡികളുടെയും ബുദ്ധിയുടെയും വിദ്യയുടെയും ശരീരത്തിലെ വാർത്താവിതരണത്തിന്റെയും അധിപൻ ആയ ബുധന്റെ സ്ഥാനം ആണ് വടക്ക് കിഴക്ക് ദിക്കായ ഈശാനകോൺ ആണ്. ഈ ഭാഗത്താണ് ബുധന്റെ രത്നമായ മരതകത്തിന്റെ സ്ഥാനം.
വജ്രം (Diamond)
കിഴക്ക് ദേവരാജാവായ ഇന്ദ്രന്റെ സ്ഥാനം സർവ സുഖഭോഗങ്ങളുടെയും ഉറവിടമായ ശുക്രന്റെ സ്ഥാനം ആണ്. വജ്രം ഈ ഭാഗത്താണ് പതിപ്പിക്കേണ്ടത്. ദാമ്പത്യസുഖാനുഭവം, ആഡംബരജീവിതം, സർവത്ര സുഖ ലഭ്യത എന്നിവ ഫലം.
മുത്ത് (Pearl)
സാന്ത്വനം, സമാധാനം, മാതൃത്വം എന്നിവയുടെ കാരകൻ (മനോകാരകൻ) ആയ ചന്ദ്രന്റെ സ്ഥാനം തെക്ക് കിഴക്കാണ് അഗ്നി കോണിന്റെ തീക്ഷ്ണതയെ ജലമയനായ ചന്ദ്രൻ ശമിപ്പിക്കുന്നു.
മഞ്ഞ പുഷ്യരാഗം (Yellow Sapphire)
വടക്ക് ധനാധിപനായ കുബേരന്റെ ദിക്ക് ഐശ്വര്യം, ധനം, ഭാഗ്യാനുഭവം എന്നിവയുടെ കാരകനും ജാതകത്തിലെ ഈശ്വരാധീനത്തിന്റെ ഉറവിടവുമായ വ്യാഴത്തിന്റെ സ്ഥാനമാണ് വടക്ക് ദിക്ക്. ഈ സ്ഥാനത്താണ് വ്യാഴത്തിന്റെ രത്നമായ പുഷ്യരാഗം പതിക്കേണ്ടത്.
മാണിക്യം (Ruby)
നമ്മുടെ പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദുവായ സൂര്യന് മദ്ധ്യത്തിലാണ് സ്ഥാനം. അധികാരം, തീക്ഷ്ണത, ജീവശക്തി, ഊർജ്ജസ്വലത, വേഗത എന്നിവയുടെ കാരകനാണ് സൂര്യൻ. മാണിക്യ രത്നത്തിന്റെ സ്ഥാനം നവരത്ന മോതിരത്തിന്റെ മദ്ധ്യത്തിലായി ബ്രഹ്മസൂത്രത്തിലാണ്. എല്ലാ ദിക്കിലേക്കും ജീവശക്തി പകരുന്നത് സൂര്യദേവനാണ്.
ചുവന്ന പവിഴം (Red Coral)
തെക്ക് ഭാഗത്താണ് ചൊവ്വയുടെ സ്ഥാനം. പരമേശ്വരൻ ചൊവ്വയുടെ ദേവൻ ആയ ശ്രീമുരുകനെ ആദ്യമായി ദക്ഷിണദേശത്തേക്കാണ് അസുരൻമാരെ അമർച്ച ചെയ്യാൻ വേണ്ടി അയക്കുന്നത്. തെക്കിന്റെ ദോഷങ്ങളെ ശമിപ്പിക്കാൻ ചുവന്ന പവിഴം സഹായിക്കും. വൈദ്യുതി പ്രവാഹം, ശാരീരിക ശേഷി, ദേഹകാരകത്വം, മംഗല്യഭാഗ്യം എന്നിവയുടെ കാരകനാണ് ചൊവ്വ. യമധർമ്മരാജന്റെ ദിക്കായ തെക്ക് വശത്താണ് പവിഴം ഘടിപ്പിക്കുന്നത്.
വൈഡൂര്യം (Cat’s eye)
ജ്ഞാനകാരകനായ കേതുവിന് വായുകോണിൽ ആണ് സ്ഥാനം, പെട്ടെന്ന് ധനവാനാകും, നിഗൂഢശാസ്ത്രപഠനത്തിനും, കേതുദശദോഷ ശമനത്തിനും ഈ രത്നം സഹായിക്കും.
ഇന്ദ്രനീലം (Blue Sapphire)
വരുണന്റെ ദിക്കായ പടിഞ്ഞാറാണ് ശനീശ്വരന്റെ സ്ഥാനം. ഇന്ദ്രനീലം എല്ലാവിധ ശനിദോഷങ്ങൾക്കും പരിഹാരം നൽകും. മൃത്യുകാരകനായ ശനിയുടെ സ്ഥാനം അസ്തമന ദിക്കായ പടിഞ്ഞാറാണ്.
ഗോമേദകം (Grossular Garnet)
അസുര സൈന്യാധിപനായ രാഹുവിന്റെ സ്ഥാനം കന്നിമൂലയിൽ (തെക്ക് പടിഞ്ഞാറ്) ആണ്. (നിര്യതി കോൺ) നിര്യതി ഒരു അസുരനാണല്ലോ, ഊഹകച്ചവടം, അതിമോഹം, സർവ വിധത്തിലുള്ള വിഷബാധ ശമനത്തിനും സർപ്പദോഷ നിവാരണത്തിനും, രാഹു ദശാദോഷപരിഹാരത്തിനും ഗോമേദക രത്നം ശമനം നൽകും. എല്ലാ രാസവസ്തുക്കളുടെയും കാരകത്വം രാഹുവിനാണ്.
നക്ഷത്രങ്ങളും അവരുടെ രത്‌നങ്ങളും
ഓരോ നക്ഷത്രക്കാരും ധരിക്കേണ്ടത് അവർക്ക് യോജ്യമായ രത്നങ്ങളാണ്. എന്നാൽ രത്നം ധരിക്കാൻ പാടില്ലാത്ത ഗ്രഹനിലക്കാരുമുണ്ടാകാറുണ്ട്. ഗ്രഹനിലയും ദശാപഹാരവും അവലോകനം നടത്തിയാണ് ഉത്തമഭാഗ്യരത്നം നിർദേശിക്കുന്നത്.
അശ്വതി, മകം, മൂലം – വൈഡൂര്യം
ഭരണി , പൂരം, പൂരാടം- വജ്രം
കാർത്തിക, ഉത്രം, ഉത്രാടം- മാണിക്യം
രോഹിണി, അത്തം, തിരുവോണം-മുത്ത്
മകയിരം, ചിത്തിര, അവിട്ടം- പവിഴം
തിരുവാതിര, ചോതി, ചതയം- ഗോമേദകം
പുണർതം, വിശാഖം, പൂരുരുട്ടാതി- മഞ്ഞപുഷ്യരാഗം
പൂയം, അനിഴം, ഉതൃട്ടാതി- ഇന്ദ്രനീലം
ആയില്യം, തൃക്കേട്ട , രേവതി- മരതകം
നവരത്‌ന ആഭരണങ്ങൾ എങ്ങനെ അണിയാം
നവരത്ന ജ്വല്ലറി അഥവാ നവഗ്രഹ ജ്വല്ലറി ഇന്നത്തെ കാലത്ത് കൂടുതൽ പ്രചാരം നേടുന്നുണ്ട്. ചില ജനപ്രിയ നവരത്ന ആഭരണങ്ങളിൽ നവരത്ന മാലകൾ, നവരത്ന മോതിരങ്ങൾ, വളകൾ, കണങ്കാലുകൾ, പെൻഡന്റുകൾ, വളകൾ, കൈത്തണ്ട തുടങ്ങിയവയും ഉൾപ്പെടുന്നു. നവരത്ന ആഭരണങ്ങൾ സ്വർണ്ണമോ വെള്ളിയോ കൊണ്ടായിരിക്കണം നിർമ്മിക്കേണ്ടത്.
നവരത്നങ്ങളോ ഏതെങ്കിലും രത്നമോ വാങ്ങുന്നതിനുമുമ്പ്, ആഭരണങ്ങളിൽ ഉപയോഗിക്കുന്ന രത്നക്കല്ലുകൾ നല്ലതാണെന്ന് ഉറപ്പാക്കണം. സൂര്യോദയത്തിന് മുമ്പോ ഏതെങ്കിലും ശുഭദിനത്തിലോ ആഭരണങ്ങൾ ധരിക്കുന്നത് നല്ലതാണ്.
Also Read: നട്സ് കഴിക്കുന്നതിന്റെ ഗുണവും ദോഷങ്ങളും