ആരോപണങ്ങൾ: യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആണ് തീരുമാനം.
സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്.
ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് രാഹുൽ എത്തിയത് എന്നാണു സൂചന.
‘എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടി, ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെ…’ ;യുവനേതാവിനെ കൈവിട്ട് വിഡി സതീശൻ
തിരുവനന്തപുരം: യുവ നേതാവിനെതിരായി ഉയർന്ന ആരോപണത്തിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.
ആരെതിരെയായാലും, എത്ര വലിയ നേതാവായാലും, പാർട്ടി ഗൗരവമായി സമീപിക്കുമെന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
“ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെയാണ്. വിഷയം അതീവ ഗൗരവമുള്ളതാണ്. പരിശോധിച്ച് നടപടിയെടുക്കും.
വ്യക്തിപരമായി ആരും പരാതിയുമായി എത്തിയിട്ടില്ല. ഇപ്പോഴാണ് ഗൗരവമുള്ള പരാതി ലഭിച്ചത്. അതനുസരിച്ച് പാർട്ടി നടപടി സ്വീകരിക്കും,” എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
പാർട്ടിയിലെ നേതാക്കളെതിരെയായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ആവർത്തിച്ചു. “ഒരു സന്ദേശം മാത്രം അയച്ചാൽ ഒരാളെ കുറ്റക്കാരനാക്കാൻ കഴിയില്ല.
ലഭിച്ച പരാതിയുടെ ഗൗരവം അനുസരിച്ച് ഇതിനുമുമ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില മാധ്യമങ്ങൾ തന്നെ കൂടി ഇരയാക്കാൻ ശ്രമിച്ചുവെന്നും” സതീശൻ ആരോപിച്ചു.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി നടപടി സ്വീകരിക്കാനുള്ള സാധ്യത ഉയർന്നിട്ടുണ്ട്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വം കടുത്ത അസന്തോഷത്തിലാണ് എന്നതാണ് സൂചന.