മന്ത്രോച്ചാരണങ്ങളുടെയും ആരവങ്ങളുടെയും അകമ്പടിയോടെ ദേവീദേവന്മാരെ ക്ഷേത്രങ്ങളില്‍ കുടിയിരുത്തുന്നതല്ലേ സര്‍വ്വസാധാരണം. എന്നാല്‍ പതിവിന് വിപരീതമായി ഓഡി വന്ന് കുടി കൊള്ളുന്ന ദേവിയെ കുറിച്ച് കേട്ടിട്ടുണ്ടോ? കോട്ടയം ജില്ലയിലെ വരപ്രസാദിനിയായ സാക്ഷാല്‍ കുമാരനല്ലൂരമ്മയാണ് സുബ്രഹ്‌മണ്യനായി പണിഴിപ്പിച്ച ശ്രീകോവിലില്‍ ഓടി വന്ന് കുടികൊണ്ടത്.
മധുര മീനാക്ഷിയുടെ പ്രതിരൂപമാണെങ്കിലും ഓടി വന്ന് കുടി കൊണ്ടുവെന്ന് പറയപ്പെടുന്നതിന് പിന്നിലുള്ള ഐതീഹ്യത്തെ കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല.
പാണ്ട്യരാജാക്കന്മാരുടെ ക്ഷേത്രമായ മധുര മീനാക്ഷി ക്ഷേത്രത്തിലെ ദേവിയുടെ ഏറെ വിലപ്പിടിപ്പുള്ള മൂക്കുത്തി ഒരിക്കല്‍ നഷ്ടപ്പെട്ടു. എങ്ങിനെയാണ് മൂക്കുത്തി നഷ്ടപ്പെട്ടതെന്ന് ആര്‍ക്കും കണ്ടെത്താനായില്ല. ഒടുവില്‍ ശാന്തിക്കാരന്‍ അറിയാതെ ശ്രീകോവിലില്‍ നിന്ന് മൂക്കുത്തി കാണാതാവില്ല എന്ന തീരുമാനത്തില്‍ രാജാവ് എത്തി ചേര്‍ന്നു. നാല്പത് ദിവസത്തിനകം മൂക്കുത്തി കണ്ടെടുത്തു കൊടുത്തില്ലെങ്കില്‍ ശാന്തിക്കാരന്റെ തല വെട്ടുമെന്ന് ശിക്ഷ വിധിച്ചു.
ഇതുകേട്ട് ശാ്ന്തിക്കാരന്‍ പലവിധത്തിലും മൂക്കുത്തി തിരയാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. നിസ്സഹായനായ അയാള്‍ ഒടുവില്‍ മുപ്പത്തിയൊമ്പതാം ദിവസം മഹാരാജാവ് തന്റ്‌റെ ശിരസ്സ് ഛേദിക്കുമല്ലോ എന്ന വിഷമത്തില്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ ഒരു അശരീരി അദ്ദേഹത്തോട് അവിടെ നിന്ന് ഓടി രക്ഷപെടുവാന്‍ ആവശ്യപ്പെട്ടു. ആദ്യത്തെ രണ്ടു തവണയും ശാന്തിക്കാരന്‍ ആ അശരീരി മുഖവിലക്കെടുത്തില്ലെങ്കിലും മൂന്നാമത്തെ തവണ അത് ദേവി തന്നോട് പറയുന്നതാവും എന്ന തോന്നലില്‍ അദ്ദേഹം അവിടെ നിന്ന് ഓടി രക്ഷപെട്ടു.
കൂരാകൂരിരുട്ടില്‍ ഓടാന്‍ അദ്ദേഹം നന്നേ വിഷമിച്ചു. പെട്ടെന്ന് തന്നെ അതിസുന്ദരിയായ ഒരു സ്ത്രീ അയാള്‍ക്ക് മുന്നില്‍ പ്രത്യക്ഷപെട്ടു ഇപ്രകാരം അരുളി ചെയ്തു, ”ഇത്രയും കാലം ഭക്തിയോടെ എന്നെ ആരാധിക്കുകയും പൂജിക്കുകയും ചെയ്ത അങ്ങ് ഇവിടെ നിന്ന് പോവുകയാണെങ്കില്‍ ഞാനും കൂടെ വരുന്നു”. എന്നിട്ട് അദ്ദേഹത്തോടൊപ്പം ഓടാന്‍ തുടങ്ങി. ഒടുവില്‍ ദേവി ഓടി അദ്ദേഹത്തിന്റെ മുന്നിലൂടെ ഓടാന്‍ തുടങ്ങി. ദേവിയുടെ ദിവ്യപ്രഭയാല്‍ പ്രകാശപൂരിതമായിരുന്നു വഴികള്‍. കുറെ ദൂരം ഓടി കഴിഞ്ഞപ്പോള്‍ ദേവി പൊടുന്നനെ അപ്രത്യക്ഷയായി. ശാന്തിക്കാരന്റെ ചുറ്റും ഇരുള്‍ നിറഞ്ഞു. ഇത്രയും ദൂരം ഓടിയതിന്റെ ക്ഷീണത്തില്‍ അദ്ദേഹത്തിന് എവിടെയെങ്കിലും കിടന്നേ മതിയാവൂ എന്ന തോന്നല്‍ ഉണ്ടായി. അടുത്ത് കണ്ട വഴിയമ്പലത്തില്‍ മേല്‍മുണ്ട് വിരിച്ചു കിടന്ന ഉടനെ തന്നെ ക്ഷീണം കൊണ്ട് ശാന്തിക്കാരന്‍ ഉറങ്ങി പോയി.
പിറ്റേ ദിവസം ഉറക്കമുണര്‍ന്ന ശാന്തിക്കാരന്‍ കണ്ടത് കേരള ദേശത്തെ കുമാരനല്ലൂര്‍ എന്ന് പറയുന്ന സ്ഥലത്ത് ചേരമന്‍ പെരുമാള്‍ സുബ്രഹ്‌മണ്യ സ്വാമിയെ പ്രതിഷ്ഠിക്കാന്‍ വേണ്ടി പണി കഴിപ്പിച്ച ക്ഷേത്രമായിരുന്നു. അത്ഭുതം കൊണ്ട് ചുറ്റും നോക്കിയ ശാന്തിക്കാരന്‍ കണ്ടെത് സുബ്രമണ്യ സ്വാമിയേ പ്രതിഷ്ഠിക്കാന്‍ വേണ്ടി പണികഴിപ്പിച്ച ശ്രീകോവിലെ പീഠത്തില്‍ ദേവി ഇരിക്കുന്നതാണ്. ഇതുകണ്ടപാടെ സന്തോഷത്താല്‍ മധുരമീനാക്ഷി ഇവിടെ വന്നിരിക്കുന്നു തരത്തില്‍ നാടെങ്ങും പാട്ടാക്കി. ഇതറിഞ്ഞ് ഓടിക്കൂടിയ നാട്ടാര്‍ക്കൊന്നും തന്നെ ശ്രീകോവിലില്‍ ഇരിക്കുന്ന ദേവിയെ ദര്‍ശിക്കാനായില്ല. ഈ വാര്‍ത്ത ചേരമന്‍ പെരുമാളിന്റെ ചെവിയിലും എത്തി. അദ്ദേഹവും ക്ഷേത്രത്തിലെത്തി ശ്രീകോവിലിലേക്ക് നോക്കിയെങ്കിലും ഒന്നും കാണാനായില്ല. അതറിഞ്ഞ ശാന്തിക്കാരനാകട്ടെ, തന്നെ തൊട്ടു കൊണ്ട് അകത്തേക്ക് നോക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ കണ്ട ദൃശ്യം ദേവി പീഠത്തില്‍ ഇരിക്കുന്നതാണ്.
സുബ്രമണ്യ സ്വാമിയെ പ്രതിഷ്ഠിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ദേവി ഓടി കയറി വന്നിരുന്നത് പെരുമാളിന് ഇഷ്ടമായില്ല. തന്നെ വന്നിരുന്നതല്ലേ, അത് കൊണ്ട് വേണ്ടുന്നതെല്ലാം സ്വയം ഉണ്ടാക്കിക്കൊള്ളൂ എന്ന്് പറഞ്ഞ് ഇറങ്ങിപ്പോയി.
ഇവിടെ ഇരുത്തേണ്ട സുബ്രമണ്യ സ്വാമിയേ വൈക്കത്തു ഉദയനാപുരത്തു പണികഴിപ്പിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ അവര്‍ പുറപ്പെട്ടു. കുറച്ചു ദൂരം നടന്നപ്പോള്‍ മൂടല്‍ മഞ്ഞു കാരണം അവര്‍ക്കു ഒരടി പോലും മുന്നോട്ടു നടക്കാനായില്ല. കൂടെ ഉണ്ടായിരുന്നവര്‍ പെരുമാളിനോട് ഒരു പക്ഷെ ഇത് ദേവിയുടെ മായ ആയിരിക്കും എന്ന് പറഞ്ഞു. ഇത് കേട്ട പെരുമാള്‍ അങ്ങനെയെങ്കില്‍ മൂടല്‍ മഞ്ഞു മാറി തനിക്ക് കാണാന്‍ കഴിഞ്ഞാല്‍ കണ്ണ് കാണുന്ന ദൂരം വരെയുള്ള ദേശം ദേവിക്ക് കൊടുക്കാം എന്ന് പറഞ്ഞു. ഉടന്‍ തന്നെ മൂടല്‍ മഞ്ഞ് മായുകയും അവിടെ നിന്ന് കാണാവുന്നത്രയും ദേശം അദ്ദേഹം ദേവിക്ക് നല്കുകയും ചെയ്തു. ആ സ്ഥലം ഇപ്പോള്‍ മാഞ്ഞൂര്‍ എന്നറിയപ്പെടുന്നു.
പെരുമാള്‍ തിരിച്ചു ക്ഷേത്രത്തില്‍ എത്തി യഥാവിധി ദേവിയുടെ പ്രതിഷ്ഠ നടത്തുകയും ക്ഷേത്രത്തിന് ആ സ്ഥലത്തിന്റെ തന്നെ പേരായ കുമാരനല്ലൂര്‍ എന്നിടുകയും ചെയ്തു. പൂജാകര്‍മങ്ങള്‍ എല്ലാം നടത്തുവാനും, ഉത്സവം നടത്താനും തീരുമാനമായി. വൃശ്ചിക മാസത്തിലെ കാര്‍ത്തിക , ഇന്ന് കുമാരനല്ലൂര്‍ കാര്‍ത്തിക എന്നറിയപ്പെടുന്ന സമയത്താണ് പത്തു ദിവസം നീളുന്ന ഉത്സവം ആഘോഷിക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെയും കുമാരനല്ലൂരമ്മയെ വിശ്വസിക്കുന്നവര്‍ക്ക് അഭിവൃദ്ധി മാത്രമേ ഉണ്ടായിട്ടുള്ളൂ.