ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മാറ്റുന്നതിനും മുന്നോട്ടുള്ള പ്രവൃത്തികള്‍ക്ക് ദൈവനുഗ്രഹമുണ്ടാവുന്നതിനായി ക്ഷേത്രദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. തെക്കേ ഇന്ത്യയിലെ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം. മനസിലെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനായി സ്വര്‍ണമുഖി നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഈ പ്രശസ്ത ക്ഷേത്രത്തില്‍ എത്തുന്നവര്‍ നിരവധിയാണ്. ഇന്ത്യയിലെ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ വായുലിംഗം എന്ന പ്രശസ്തമായ ക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. പല്ലവ രാജാവായ തൊണ്ടാമനാണ് ഈ മഹാക്ഷേത്രം പണികഴിപ്പിച്ചത്. ദക്ഷിണകൈലാസം എന്നു വിളിപ്പേരുള്ള ഈ ക്ഷേത്രത്തില്‍ ആദിശങ്കരന്‍ ദര്‍ശനം നടത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ആചാരങ്ങളുടെ പ്രത്യേകത കൊണ്ട് ഏറെ ശ്രദ്ധേയമാണ് ശ്രീകാളഹസ്തീശ്വര ക്ഷേത്രം. അതിരാവിലെ അഞ്ചുമണിക്ക് നടതുറക്കുന്ന ഈ ക്ഷേത്രത്തില്‍ പകല്‍ മുഴുവന്‍ ദര്‍ശനത്തിനായി തുറന്നിരിക്കും എന്നത് ഒരു പ്രത്യേകതയാണ്.
ആരും സ്പര്‍ശിക്കാത്ത ശിവലിംഗം
ശ്രീകോവിലിനുള്ളില്‍ ഒരു പീഢത്തിലായിട്ടാണ് ശിംവലിംഗം ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വായു രൂപത്തിലുള്ള പ്രതിഷ്ഠയായതിനാല്‍ തന്നെ പ്രധാന പൂജാരി പോലും ഇവിടം സ്പര്‍ശിക്കാറില്ല. പകരമായി പീഢത്തിനടുത്ത് ഉറപ്പിച്ചിട്ടുള്ള തങ്ക അങ്കിയിലാണ് പൂജയ്ക്കായി മാല ചാര്‍ത്തുന്നത്.
ദര്‍ശനം കഴിഞ്ഞാലും ആചാരങ്ങള്‍ പാലിക്കണം
സാധാരണ ക്ഷേത്രങ്ങളിലെ ദര്‍ശനത്തില്‍ നിന്നും വിഭിന്നമായി ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തിലെ ദര്‍ശനം കഴിഞ്ഞാല്‍ ഭക്തര്‍ ധരിച്ചിരിക്കുന്ന വസ്ത്രം ക്ഷേത്രത്തില്‍ ഉപേക്ഷിച്ച ശേഷം മടങ്ങണം. വസ്ത്രം ഉപേക്ഷിക്കുന്നതോടെ ശനിദോഷം മാറുമെന്നാണ് വിശ്വാസം. ഉടുത്തിരിക്കുന്ന വസ്ത്രം ഉപേക്ഷിച്ച് പകരം പൊതിഞ്ഞു കൊണ്ടുവരുന്ന വസ്ത്രം ധരിക്കുവാനായി ക്ഷേത്രത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വസ്ത്രം ഉപേക്ഷിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊന്നാണ് ശ്രീകാളഹസ്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ തിരികെ പോകുന്ന വഴി മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തരുതെന്ന വിശ്വാസവും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ശ്രീകാളഹസ്തീശ്വര ക്ഷേത്ര ദര്‍ശനത്തിന്റെ ഫലം പൂര്‍ണമായി ലഭിക്കില്ലെന്നാണ് വിശ്വാസം. ജാതകവശാല്‍ ശനി, രാഹു, കേതു തുടങ്ങിയ നീച ഗ്രഹങ്ങളുടെ ദശാപഹാരകാലത്ത് ശ്രീകാളഹസ്തീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉചിതമാണ്.