അമിത്ഷാ ഇന്ന് കേരളത്തിലെത്തും
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഇന്നു രാത്രി പത്തുമണിയോടെയാണ് അമിത് ഷാ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഉള്ള നേതാക്കൾ അമിത്ഷായെ സ്വീകരിക്കും.
തിരുവനന്തപുരത്ത്നാളെ രണ്ട് പൊതുപരിപാടികളാണ് അമിത്ഷായ്ക്കുള്ളത്.
ബിജെപി സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന അമിത് ഷാ, തുടർന്ന് ബിജെപിയുടെ വാർഡുതല നേതൃസംഗമവും ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ പതിനൊന്നു മണിക്കാണ് ബിജെപിയുടെ പുതിയ സംസ്ഥാന സമിതി ഓഫിസ് ഉദ്ഘാടനം. രാവിലെ ഓഫിസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ, ചെമ്പകത്തൈ നടും.
തുടർന്നാണ് ഉദ്ഘാടനം നടക്കുക. മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി.മാരാരുടെ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാഛാദനം ചെയ്യും.
തുടർന്ന് പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന വാർഡുതല നേതൃസംഗമവും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 5000 വാർഡ് സമിതികളിലെ 25,000 പേരാണ് സംഗമത്തിനെത്തുന്നത്.
മറ്റു ജില്ലകളിൽ നിന്നുള്ള അഞ്ചംഗ വാർഡ് സമിതിയിലുള്ളവരും പഞ്ചായത്തു മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളും വെർച്വലായി സമ്മേളനത്തിൽ പങ്കെടുക്കും.
ഒന്നര ലക്ഷത്തോളം പേരാണ് ഇത്തരത്തിൽ സമ്മേളനത്തിന്റെ ഭാഗമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനാണ് നിലവിൽ വാർഡുതല നേതൃസംഗമം നടത്തുന്നത്.
നാളെ തിരുവനന്തപുരത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയലക്ഷ്യവും അതിത്ഷാ പ്രഖ്യാപിക്കും.
പന്ത്രണ്ടാം തീയതി രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് യോഗം. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വാർഡ് പ്രതിനിധികളാണ് പങ്കെടുക്കുക.
ബാക്കിയുള്ള 10 ജില്ലകളിലെയും വാർഡ് പ്രതിനിധികൾ പഞ്ചായത്ത് തലത്തിൽ ഒന്നിച്ച് ഈ യോഗത്തിൽ വെർച്വൽ ആയി പങ്കെടുക്കും.
ബിജെപി വാർഡ് ഭാരവാഹികളല്ല ഈ യോഗത്തിൽ പങ്കാളികളാകുക. ‘വികസിത ടീം’ എന്ന പേരിൽ ഓരോ വാർഡിലും തെരഞ്ഞെടുത്ത അഞ്ചുപേരാണ് യോഗത്തിനെത്തുന്നത്.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിനു ശേഷമാണ് വാർഡുകളിൽ ‘വികസിത ടീം’ രൂപീകരിച്ചിരിക്കുന്നത്.
വാർഡ് ഭാരവാഹികൾക്കു പുറമേയാണ് ഈ വികസിത ടീമിന്റെ പ്രവർത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് മുതൽ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു വരെയുള്ള ഏകോപനമാണ് ഇവർ ചെയ്യുന്നത്.
ഇതിനായി‘ വരാഹി’ എന്ന സ്വകാര്യ ഏജൻസിയും പ്രവർത്തിക്കുന്നുണ്ട്. ഓരോ വാർഡിനും ഓരോ പഞ്ചായത്തിനുമായി പ്രകടനപത്രികയും തയാറാക്കും.
കേരളത്തിലെ ഏകദേശം 17,900 വാർഡുകളിൽ ബിജെപിക്കു ഭാരവാഹികൾ ഉണ്ട്. ഇതിൽ 10,000 വാർഡുകളിൽ ജയമാണു ലക്ഷ്യമിടുന്നത്.
നിലവിൽ 1,650 വാർഡുകളിലാണ് ബിജെപി ജയിച്ചത്. 10 നഗരസഭകളും തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളും ലക്ഷ്യത്തിലുണ്ട്.
English Summary:
Amit Shah will arrive in Kerala today. He will kickstart BJP’s preparations for the upcoming local body elections starting tomorrow.