തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത അഞ്ചുദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ഞായറാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
അതിനിടെ തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വർക്കലയിലാണ് ദാരുണ സംഭവം നടന്നത്. അയിരൂര്‍ ഇലകമണ്‍ ചാരുകുഴി കുന്നുംപുറം ലക്ഷംവീട്ടില്‍ രാജേഷ് (19) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങളുമൊത്ത് രാജേഷ് വീടിന് മുന്നിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ ശക്തമായ ഇടിമിന്നല്‍ ഉണ്ടായി.
ഇടിമിന്നലേറ്റ് യുവാവ് നിലവിളിച്ചതോടെ കുടുംബാംഗങ്ങള്‍ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണി ചെയ്യുന്ന ആളായിരുന്നു രാജേഷ്.