തടി കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായി പറയുന്നത് ചോറിന്റെ ലവ് കുറയ്ക്കുക എന്നതാണ്. എന്നാൽ പലപ്പോഴും അതിനു കഴിയാറില്ല. ഡയറ്റ് എടുക്കുന്നവര്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന കാലറി അടങ്ങിയ കാർബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമെന്നിരിക്കെ, ഇതിനു കഴിയാത്തവർക്കായി ഒരു ഒരു സന്തോഷ വാർത്ത ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്.
വ്യത്യസ്തമായ ഒരു ചോറാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ചോറ് കഴിച്ച് തടി വയ്ക്കില്ലെന്ന് മാത്രമല്ല, മെലിയാന്‍ സഹായിക്കുക കൂടി ചെയ്യും എന്നതാണ് കാര്യം.
ജപ്പാനില്‍ ‘മിറക്കിള്‍ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി(shirataki) എന്നയിനം അരിയാണ് താരം.
എന്താണ് ഷിരാതകി അരി?
പേരിൽ അരി ഉണ്ടെങ്കിലും ഷിരാതകി അരി ഉണ്ടാക്കുന്നത് നെല്‍ച്ചെടിയില്‍ നിന്നല്ല. കിഴക്കൻ ഏഷ്യയിൽ വളരുന്ന ഒരു കിഴങ്ങുവർഗ്ഗ സസ്യമായ ‘കൊഞ്ചാക്ക്’ (konjac)അല്ലെങ്കില്‍ ‘കൊന്യാകു’ (konnyaku) എന്ന ചെടിയില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. സാധാരണ അരിയേക്കാൾ വളരെ കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റുമാണ് ഇതിനുള്ളത്.
ഏകദേശം 85 ഗ്രാം (5 ടേബിൾസ്പൂൺ) ഷിരാതകി അരിയിൽ ഏകദേശം 10-15 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ , വെള്ള അരിയുടെ 100 ഗ്രാമിൽ 130-150 കലോറി അടങ്ങിയിട്ടുണ്ട്. ബ്രൌണ്‍ അരിയിലാകട്ടെ, 100 ഗ്രാമില്‍ ഏകദേശം 120 കലോറിയാണ് ഉള്ളത്.
കൊഞ്ചാക്കിന്‍റെ വേരില്‍ അടങ്ങിയ പ്രധാന നാരാണ് ഗ്ലൂക്കോമാനൻ(Glucomannan). ഇതിന് കുടലിനെ സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പ്രാഥമിക പഠനങ്ങള്‍ പറയുന്നു. കുടലില്‍ എത്തുന്ന ഗ്ലൂക്കോമാനൻ നാരുകള്‍ക്ക് വെള്ളം ആഗിരണം ചെയ്യാനും ആമാശയത്തിൽ വികസിക്കാനും കഴിയും. ഇത് കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കാനും അതുവഴി വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു എന്നൊരു പ്രധാന ഗുണവും ഷിരാതകി അരിയിലെ ഗ്ലൂക്കോമാനനുണ്ട് .
ഈ നാരുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ കഴിയും, അങ്ങനെ ഭക്ഷണം കഴിച്ചതിനുശേഷം, രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയുന്നു.
ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗണ്യമായ അളവിൽ ഗുണം കിട്ടാന്‍ വലിയ അളവില്‍ ഇത് കഴിക്കേണ്ടതുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇടനേരങ്ങളിലെ ഭക്ഷണം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.