കൊല്ലം: ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോൺസന്റെ നിരന്തര പ്രേരണയിലാണ് മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.
പി ജി മനുവിൻ്റെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത് ഇയാളെന്നു പൊലീസ് പറഞ്ഞു. മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ വർഷം നവംബറിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
മനുവിനെ തന്റെ ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽ വെച്ച് ജോൺസൺ ദേഹോപദ്രവം ഏൽപ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.
തുടർന്ന് പണം നൽകിയുള്ള ഒത്തുതീർപ്പിന് മനു വഴങ്ങാതായതോടെയാണ് പ്രതി വീഡിയോ ച്രരിപ്പിച്ചത്. സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനലുകൾ വഴിയും മനുവിനെ ജോൺസൺ സമ്മർദത്തിലാക്കി എന്നും പോലീസ് കൂട്ടിച്ചേർത്തു.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായിരുന്നു മുൻ ഗവൺമെൻ്റ് പ്ലീഡർ കൂടിയായ പി.ജി മനു കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന ആരോപണം ഉയർന്നത്.
മനു മരണത്തിന് മുൻപ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സഹപ്രവർത്തകനായ ആളൂർ പറഞ്ഞത്. പീഡന കേസിൽ യുവതിയുടെ വീട്ടിൽ കുടുംബത്തോടൊപ്പം എത്തി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പി.ജി മനു മാനസികമായി തകർന്നത്.
എന്നാൽ ഇക്കാരണത്താൽ വീണ്ടും ജയിലിൽ പോകേണ്ടി വരുമെന്ന് മനുവിന് ഭയമുണ്ടായിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവർക്കും പ്രചരിപ്പിച്ചവർക്കും എതിരെ നിയമ നടപടിയുമായി നീങ്ങുമെന്നും മനുവിന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ആളൂർ പറഞ്ഞിരുന്നു.