തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാട് സമര്‍പ്പിച്ച് പ്രവാസി മലയാളി. ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കിരീടം സമർപ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും സ്വർണകിരീടം ഗുരുവായൂരപ്പന് ചാർത്തി.(25 Pavan’s golden crown to Guruvayurappan)
ദുബായിൽ നിർമിച്ച സ്വർണ കിരീടത്തിന് 200.53 ഗ്രം തൂക്കം ഉണ്ട്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്‍റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. കഴിഞ്ഞ ഒക്ടോബറിൽ ഇദ്ദേഹം ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.
ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് കിരീടം ഏറ്റുവാങ്ങിയത്. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി.മാനേജർ എ വി പ്രശാന്ത് തുടങ്ങിയവർ സന്നിഹിതരായി.