അവശ്യ സമയത്ത് ആംബുലൻസും ഡോക്ടർമാരുടെയും സേവനവും ലഭിക്കാതെ വന്നതോടെ യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളിയായ സ്ത്രീ. (Young woman’s delivery taken by cleaner: Baby ends tragically)
ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ കുഞ്ഞ് മരിച്ചു. 32കാരിയായ റാണി എന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്.
സംഭവം ഇങ്ങനെ:
ഞായറാഴ്ച രാവിലെ ഒൻപതോടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയും വീട്ടുകാരും ആംബുലൻസ് വിളിച്ചെങ്കിലും എത്തിയില്ല. ഇതോടെ മറ്റൊരു വാഹനം സംഘടിപ്പിച്ച് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി.
എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറോ നഴ്സുമാരോ ഉണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന ശുചീകരണത്തൊഴിലാളി യുവതിയെ പരിചരിക്കാനെത്തുകയായിരുന്നു .
എന്നാൽ പ്രസവത്തെത്തുടർന്ന് കുട്ടി മരിച്ചു. ഇതോടെ ശുചീകരണത്തൊഴിലാളിയെ ജോലിയിൽനിന്ന് പുറത്താക്കി. അതേസമയം ഡോക്ടർക്കും നഴ്സിനുമെതിരെ നടപടിയുണ്ടായോ എന്നതിൽ വ്യക്തതയില്ല.
ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഞായറാഴ്ച അവധിയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ നഴ്സ് എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭ്യമല്ല.
യുവതിയെ പരിചരിച്ചത് താനാണെന്നും സംഭവസമയത്ത് ആശുപത്രിയിൽ ഡോക്ടറില്ലായിരുന്നെന്നും ശുചീകരണത്തൊഴിലാളിയായ സ്ത്രീ നാട്ടുകാരോട് സമ്മതിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.